
പാക് സൈന്യം ഭീകരര്‍ക്കായി നിലകൊണ്ടത് ദയനീയം; ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് സേന
ഭാവിയില്‍ പാക് ആക്രമണം ഉണ്ടായാല്‍ നേരിടാന്‍ സജ്ജമെന്ന് സേന. കര-വ്യോമ-നാവിക സേന മേധാവിമാരുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. തീവ്രവാദികള്‍ക്ക് വേണ്ടി പാകിസ്താന്‍ സൈന്യം ഇടപെടാന്‍ തീരുമാനിച്ചത് ദയനീയമാണ്. അതിനാലാണ് ഇന്ത്യ തിരിച്ചടിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച 'ആകാശ് സംവിധാനം' വിജയകരമായിരുന്നു. പാകിസ്താന്റെ നിരവധി ഡ്രോണുകളുള്‍പ്പെടെ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തുവെന്നും സേന വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. നിരപരാധികളായ സാധാരണ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഭാവിയില്‍ ഏതൊരു തിരിച്ചടിക്കും നമ്മുടെ എല്ലാ സേനകളും സര്‍വ്വസജ്ജമാണ്. ഇന്ത്യയുടെ അതിര്‍ത്തി കടക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ല. അതിര്‍ത്തിയിലെ വ്യോമസേനപ്രതിരോധ സംവിധാനങ്ങള്‍ ശക്തമാണ്. ഇന്ത്യയുടെ റഡാർ സംവിധാനങ്ങളെ മറികടന്ന് ഒരു ആക്രമണവും സാധ്യമല്ലെന്നും സേന അറിയിച്ചു.
കറാച്ചിയിലും ആക്രമണം നടത്തിയെന്ന് സേന വിശദീകരിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രതിരോധ മതിലായി പ്രവര്‍ത്തിച്ചു. സമുദ്രാതിര്‍ത്തിയില്‍ ഏരിയല്‍ സര്‍വ്വെയും ശക്തമാക്കി. സേനയുടെ പ്രതിരോധ സംവിധാനങ്ങള്‍ അടുത്ത പ്രതിരോധത്തിനായി സജ്ജമാണെന്നും സേന വ്യക്തമാക്കി. ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന്‍ ഉപയോഗിച്ച പിഎല്‍-15 ലോങ് റേഞ്ച് മിസൈലും സേന പ്രദര്‍ശിപ്പിച്ചു. ഇന്ത്യ തകര്‍ത്ത ഡോണുകളുടെ ചിത്രവും സേന പ്രദര്‍ശിപ്പിച്ചു.
നമ്മുടെ എല്ലാ സൈനിക താവളങ്ങളും വ്യോമതാവളങ്ങളും പൂര്‍ണ്ണമായും സുരക്ഷിതമാണ്. ഭാവിയില്‍ ഏത് ഓപ്പറേഷനും നടത്താന്‍ പൂര്‍ണ്ണമായും പ്രാപ്തമാണെന്നും എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി വിശദീകരിച്ചു. തുര്‍ക്കി ഡ്രോണുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ലോകം മുഴുവന്‍ കണ്ടു.
തുര്‍ക്കി ഡ്രോണുകളായാലും മറ്റേതെങ്കിലും രാജ്യത്തിന്റെ ഡ്രോണുകളായാലും, നമ്മുടെ വ്യോമ പ്രതിരോധത്തിന് മുന്നില്‍ അവ നിസ്സഹായരായി കാണപ്പെട്ടു. അവയുടെ അവശിഷ്ടങ്ങള്‍ എല്ലാവര്‍ക്കും ദൃശ്യമാണെന്നും എയര്‍ മാര്‍ഷല്‍ എ കെ ഭാരതി വ്യക്തമാക്കി.