
ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ; സ്ഥിരീകരിച്ച് കേന്ദ്രം
ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് സ്ഥിരീകരിച്ച് കേന്ദ്രം. വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങൾക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തൽ ധാരണയായത്. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഭാവിയിൽ ഉണ്ടാക്കുന്ന ഭീകരവാദത്തെ രാജ്യത്തിനെതിരായ യുദ്ധമായി കാണുമെന്ന് ഇന്ത്യ നിലപാടെടുത്തു.
ഇന്ന് ഉച്ച തിരിഞ്ഞ് 3.35-നാണ് പാക് ഡിജിഎംഒ വിളിച്ചത്. അതനുസരിച്ചാണ് വെടിനിർത്തൽ ധാരണയായത്. 12-ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഡിജിഎംഒ തലത്തിൽ ചർച്ച നടക്കും. ഇതോടെ വെടിനിർത്തൽ കരാർ പ്രാവർത്തികമായെന്നും കര, വ്യോമ, കടൽ മാർഗങ്ങളിൽ വെടിനിർത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു.
അതേസമയം വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടിയന്തര വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ധാരണയായെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍ പ്രതികരിച്ചു.