ഐഫോണില്‍ ആദ്യ ട്രോജന്‍, വളരെ അപകടകാരി
പ്രതിരോധം ശക്തമാക്കാൻ ഐഒഎസ് ആപ്പിള്‍ നിരന്തരം പുതുക്കുന്നുണ്ടെങ്കിലും ഹാക്കര്‍മാര്‍ അതു ഭേദിച്ചെന്ന് ഗവേഷകര്‍. സൈബര്‍ സുരക്ഷാ കമ്പനിയായ ഗ്രൂപ്-ഐബിയാണ് ഇതേപ്പറ്റി വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിലും ടാബ്‌ലറ്റ് ഒഎസ് ആയ ഐപാഡ് ഒഎസിലും ഗോള്‍ഡ്ഡിഗര്‍ (GoldDigger) എന്നപേരില്‍ പ്രവര്‍ത്തിച്ചുവന്ന വൈറസിന്റെ വളരെ പരിഷ്‌കൃതമായ ഒരു വകഭേദം കണ്ടെത്തി എന്നാണ് ഗവേഷകര്‍ പറയുന്നത്. ഗോള്‍ഡ്ഡിഗറിന്റെ പ്രവര്‍ത്തനമണ്ഡലം ആന്‍ഡ്രോയ്ഡ് ആണ്. ഇതിനെ ഐഒഎസിലേക്ക് വിജയകരമായി പകര്‍ത്താന്‍ സാധിച്ചിരിക്കുന്നു എന്നാണ് കണ്ടെത്തല്‍. ഐഒഎസില്‍ എത്തിയപ്പോള്‍ പുതിയ പേരും ലഭിച്ചു: ഗോള്‍ഡ്പിക്ആക്‌സ് (GoldPickaxe). ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ഗോള്‍ഡ്പിക്ആക്‌സിന് ഏറ്റവും പ്രിയം എന്നും ഗവേഷകര്‍ പറയുന്നു.
ഐഒഎസിലെ ആദ്യ ട്രോജന്‍ - ഗോള്‍ഡ്പിക്ആക്‌സ് ആയിരിക്കാം ഐഒഎസിനായി ഇറക്കിവിട്ടിരിക്കുന്ന ആദ്യ ട്രോജന്‍ എന്നും ഗവേഷകര്‍ വിലയിരുത്തുന്നു. ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഡേറ്റ, ഐഡി ഡോക്യുമെന്റ്‌സ് തുടങ്ങിയവ മുതല്‍ എസ്എംഎസ് വരെ ശേഖരിക്കുന്നതിനാല്‍ ഗോള്‍ഡ്പിക്ആക്‌സ് വളരെ അപകടകാരിയാണ്. ഈ ഡേറ്റയെല്ലാം കൂട്ടി ഡീപ്‌ഫെയ്ക്കുകള്‍ സൃഷ്ടിച്ച് ഇരയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കടന്നുകയറുകയാണ് ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍. എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് ഇര മനസ്സിലാക്കി വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും.
ആപ് സ്റ്റോറിന്റെ റിവ്യൂ മേഖലയിലേക്ക് കടക്കാതെ ആപ്പുകളുടെ ബീറ്റാ വേര്‍ഷനുകള്‍ ഡവലപ്പര്‍മാര്‍ക്ക് പരീക്ഷിച്ചു നോക്കാനായി ആപ്പിള്‍ പ്രവര്‍ത്തിപ്പിക്കുന്ന സോഫ്റ്റ്‌വെയറാണ് ടെസ്റ്റ്ഫ്‌ളൈറ്റ് (TestFlight). ടെസ്റ്റ്ഫ്‌ളൈറ്റ് മുഖേനയാണ് ആദ്യം ഗോള്‍ഡ്പിക്ആക്‌സ് വിതരണം നടത്തിയത്. ഇത് ആപ്പിള്‍ കണ്ടെത്തി നീക്കം ചെയ്തതോടെ, ഹാക്കര്‍മാര്‍ കൂടുതല്‍ പരിഷ്‌കൃതമായ മൊബൈല്‍ ഡിവൈസ് മാനേജ്‌മെന്റ് (എംഡിഎം) കേന്ദ്രീകൃതമായ പ്രൊഫൈലിലൂടെയായി ആക്രമണം. എംഡിഎം പ്രധാനമായും എന്റര്‍പ്രൈസ് ഉപകരണങ്ങള്‍ മാനേജ് ചെയ്യാന്‍ ഉപയോഗിക്കുന്നു