പുത്തനുടുപ്പും ബാഗും കുടയും നനയ്ക്കാൻ ഇത്തവണ മഴയില്ല
തിരുവനന്തപുരം∙ കാലവർഷമെത്താൻ രണ്ടു ദിവസം കൂടി വൈകിയേക്കും. നിലവിലെ സാഹചര്യത്തിൽ എട്ടിനു കാലവർഷം തുടങ്ങാനാണു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സ്കൂളുകൾ തുറക്കുന്ന നാളെ മഴ തുടങ്ങുമെന്നായിരുന്നു ആദ്യ അറിയിപ്പ്. കാലവർഷം ശ്രീലങ്കയുടെ തെക്കൻ ഭാഗത്തെത്തിയിട്ടു മൂന്നു ദിവസമായി. സാധാരണ രണ്ടു ദിവസത്തിനകം കേരളത്തിലെത്തേണ്ടതാണ്.
അതുകൊണ്ട് തന്നെ ഇത്തവണ കുട്ടികളുടെ പുത്തനുടുപ്പും ബാഗും കുടയും നനയ്ക്കാൻ ആദ്യ ദിനത്തിൽ മഴയുണ്ടാവില്ല എന്ന് ഏകദേശം ഉറപ്പായി.അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്തുണ്ടായ ന്യൂനമർദമാണ് ഇതിനെ തടയുന്നത്. രണ്ടു ദിവസത്തിനകം ലക്ഷദ്വീപ് ഭാഗത്തു രൂപം കൊള്ളാനിടയുള്ള അന്തരീക്ഷച്ചുഴി കാലവർഷക്കാറ്റിനെ കേരളത്തോട് അടുപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.