കര്‍ഷക പ്രക്ഷോഭം; പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ
ഡല്‍ഹി; കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് കേന്ദ്രം സദാ സന്നദ്ധമെന്ന് അമിത് ഷാ. ഡിസംബര്‍ മൂന്നിന് മുന്‍പ് വേണമെങ്കിലും ചര്‍ച്ചയാകാമെന്നും കര്‍ഷകരുടെ ആശങ്കകളും ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. കര്‍ഷകരുടെ പ്രതിഷേധം അനുവദിച്ച സ്ഥലങ്ങളില്‍ മാത്രമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. എന്നാല്‍ ബുറാഡിയില്‍ പൊലീസ് അനുവദിച്ച നിരംകാരി മൈതാനത്തേക്ക് പോകാതെ ദില്ലി അതിര്‍ത്തികളില്‍ പ്രക്ഷോഭം കടുപ്പിക്കാനാണ് കര്‍ഷക സംഘടനകള്‍ തീരുമാനം അറിയിച്ചത്.
പൊലീസിന്റെ സമവായ നീക്കം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ വടക്കന്‍ ദില്ലിയിലെ ബുറാഡിയിലുള്ള മൈതാനത്തേക്ക് ഇന്നലെ രാത്രി പോയെങ്കിലും അത് അംഗീകരിക്കാതെ ആയിരക്കണക്കിന് കര്‍ഷകര്‍ ഇപ്പോഴും ദില്ലി അതിര്‍ത്തികളില്‍ തന്നെ തുടരുകയാണ്.