ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ല; അഭിഭാഷകര്‍ ഹൈക്കോടതിയിലേക്ക്
ബാംഗളൂര്‍; ബാംഗളൂര്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദം നല്‍കാത്തതിനെ ചോദ്യം ചെയ്ത് അഭിഭാഷകര്‍ കോടതിയിലേക്ക്. ബിനീഷിന്റെ അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനാണ് ഒരുങ്ങുന്നത്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആണ് ശ്രമം.
അഭിഭാഷകരെ കാണാന്‍ അനുവദിക്കാത്തത് ചട്ടലംഘനമാണെന്ന് കോടതിയെ അറിയിക്കും. ബിനീഷിനെ കാണാന്‍ വന്ന സഹോദരനേയും അഭിഭാഷകരെയും മടക്കി അയച്ചതിനെ തുടര്‍ന്നാണ് നടപടി. ബിനീഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കസ്റ്റഡി അപേക്ഷ ഇഡി നല്കിയപ്പോള് അതിനെ എതിര്‍ക്കുന്നതിനടക്കം സെഷന്‍സ് കോടതിയില്‍ ഹാജരായ അഭിഭാഷകന് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വക്കാലത്ത് ഒഴിഞ്ഞിരുന്നു. ശേഷം രണ്ട് മുതിര്‍ന്ന അഭിഭാഷകരാണ് ബിനീഷിന്റെ വക്കാലത്ത് ഏറ്റെടുത്തത്. വക്കാലത്ത് ഏറ്റെടുത്ത ഉടന്‍ തന്നെ അവര്‍ ഇഡി ഓഫീസിലേക്കെത്തി പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, അനുവാദം ലഭിച്ചില്ല. അതിനു ശേഷം ബിനോയ് കോടിയേരിയടക്കമുള്ളവരെ ഓഫീസിലെത്തിച്ച് അഭിഭാഷകര്‍ സന്ദര്‍ശനത്തിന് അനുമതി തേടിയെങ്കിലും അവരെ മടക്കി അയച്ചു. ഉദ്യോഗസ്ഥരുമായി നേരിയ തോതില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.
അതേസമയം, ബാംഗളൂരു ലഹരി കേസ് എന്‍ഐഎ അന്വേഷിച്ചേക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്നാണ് ശുപാര്‍ശ. തീവ്രവാദ ബന്ധമുള്ളവര്‍ പ്രതികളുമായി ബന്ധപ്പെട്ടെന്ന് കണ്ടെത്തി. പണം നക്സല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്നും ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടക സര്‍ക്കാരായിരിക്കും ഇതില്‍ തീരുമാനമെടുക്കുക. ലഹരിമരുന്ന് കേസുകള്‍ ബംഗളൂരു നഗരത്തില്‍ വളരെയധികം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ മാസമാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തോട് സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് നല്കാന് യെദ്യൂരപ്പ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.