ആലപ്പുഴയില്‍ രാത്രി വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് പോലീസ്
ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ യുവതിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് രാത്രി രണ്ട് മണിയോടെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയത്. നാല് ദിവസം മുന്‍പാണ് ബിന്ദു വിദേശത്ത്് നിന്ന് എത്തിയത്. സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നും ഇത്തരം ചില ഇടപാടുകളുമായി ബന്ധപ്പെട്ട് ബിന്ദുവുമായി തര്‍ക്കം നിലനിന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ആക്രമണത്തില്‍ വീട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരാഴ്ച മുന്‍പ് വിദേശത്ത് നിന്ന് പുറപ്പെട്ട ബിന്ദു നാല് ദിവസം മുന്‍പാണ് വീട്ടിലെത്തിയത്. നാട്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് തന്നെ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചില ഫോണ്‍ സംഭാഷണങ്ങളും ഉണ്ടായി.
വീട്ടിലെത്തിയപ്പോള്‍ മുതല്‍ ബിന്ദുവിനെ ചിലര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും അതില്‍ ചിലര്‍ വീട്ടില്‍ എത്തിയിരുന്നതായും ബന്ധുക്കളും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.