ചരിത്ര സന്ദര്‍ശനത്തിന് ട്രംപ് ഇന്ത്യയില്‍ ; ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
അഹമ്മദാബാദ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും ഇന്ത്യയിലെത്തി. ട്രംപിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തി. എയര്‍ ഫോഴ്സ് വണ്‍ വിമാനത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ട്രംപ് ഇറങ്ങി. ട്രംപിന്റെയും മോദിയുടെയും ഫ്ലക്സുകളും തോരണങ്ങളും നിറച്ച് വര്‍ണാഭമായി ട്രംപിനെ സ്വീകരിക്കാന്‍ അഹമ്മദാബാദ് ഒരുങ്ങി കഴിഞ്ഞു.
മൊട്ടേരയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ വിവിധ ഇനം കലാപരിപാടികളും അരങ്ങേറുന്നുണ്ട്. ഇവിടേക്ക് രാവിലെ മുതല്‍ ജനം ഒഴുകിയെത്തുകയാണ്. ചൈന, പാക്കിസ്ഥാന് എന്നീ അയല്‍ രാജ്യങ്ങള്‍ മാത്രമല്ല, വികസിത രാജ്യങ്ങളും ട്രംപിന്റെ സന്ദര്‍ശനത്തെ ആകാംക്ഷയോടെയാണ് കാണുന്നത്. ചൊവ്വാഴ്ചയാണ് നിര്‍ണായക നയതന്ത്ര ചര്‍ച്ചകള്‍ നടക്കുക.