ബജറ്റ് സമ്മേളനത്തിന് തുടക്കം: കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം കരുത്ത് തെളിയിച്ചു; രാഷ്ട്രപതി റാം നാഥ് കോവിന്ദ്
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്റെ വികസനത്തിനായി സംഭാവനകള്‍ നല്കിയ മഹത് വ്യക്തിത്വങ്ങളെയും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ വാക്സിനേഷന് പരിപാടിയെന്ന് രാഷ്ട്രപതി പറഞ്ഞു. ഏറ്റവുമധികം ഡോസ് വാക്സിനുകള്‍ നല്കിയ രാജ്യങ്ങളില്‍ ഒന്നായി മാറാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. കോവിഡ് മഹാമാരി രാജ്യത്തെ നിരവധി പേരുടെ ജീവനെടുത്തു. ഇത്തരമൊരു സാഹചര്യത്തില്‍പോലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ശാസ്ത്രജ്ഞര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഒരുമയോടെ പ്രവര്‍ത്തിച്ചു. അവര്‍ക്കെല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം ധനമന്ത്രി നിര്‍മലാ സീതാരാമന് സാമ്പത്തികസര്‍വേ ലോക്സഭയില്‍ വെക്കും. ചൊവ്വാഴ്ച രാവിലെ ലോക്സഭയില്‍ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ലോക്സഭയില്‍ ബുധനാഴ്ച ആരംഭിക്കും. നാലുദിവസമാണ് ചര്‍ച്ചയ്ക്കു നീക്കിവെച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു മറുപടി പറയും.