നിവാര്‍ ചുഴലിക്കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിച്ചു; ശക്തി കുറയുന്നു
ചെന്നെെ: 'നിവാര്‍' അതി തീവ്ര ചുഴലിക്കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിച്ചു. തീവ്ര ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു. വരും മണിക്കൂറില്‍ കൂടുതല്‍ ദുര്‍ബലപ്പെടും. ഇന്നലെ രാത്രി 11.30 നും ഇന്ന് രാവിലെ 2.30 നും ഇടയില്‍ പുതുചേരിക്ക് സമീപം 120-130 കിലോമീറ്റര്‍ വേഗതയിലാണ് 'നിവാര്‍' പൂര്‍ണമായും കരയില്‍ പ്രവേശിച്ചത്. നിലവില്‍ പുതുചേരിക്ക് 25 കിലോമീറ്റര്‍ അകലെ തീവ്ര ചുഴലിക്കാറ്റായി ശക്തി കുറഞ്ഞ 'നിവാര്‍' നു 90-100 കിലോമീറ്റര്‍ വരെ വേഗതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ വടക്ക് - വടക്ക് പടിഞ്ഞാറു ഭാഗത്തേക്ക് സഞ്ചരിയ്ക്കുന്ന 'നിവാര്‍' ചുഴലിക്കാറ്റായി ശക്തി കുറയാന്‍ സാധ്യത.
നിവാറിന്റെ സ്വാധീനംമൂലം ചെന്നെെ നഗരത്തിലടക്കം ശക്തമായ മഴയും കാറ്റും ഉണ്ട്. തമിഴ്നാട്ടില്‍ ഒരു ലക്ഷത്തോളം ആളുകളെയാണ് ഇതുവരെ മാറ്റിപാര്‍പ്പിച്ചത്. തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 1,486 ദുരിതാശ്വാസ ക്യാംപുകളിലായി 1.25 ലക്ഷം ആളുകളെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. പലയിടത്തും ശക്തമായ കാറ്റ് അനുഭവപ്പെടുന്നു.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ബെംഗളൂരു ചെന്നൈ റൂട്ടിലെ ട്രെയിനുകള്‍ റദ്ദാക്കിയതായെ ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. നിവാര്‍ ചുഴലിക്കാറ്റിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ ഇവ ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള ഏതാനും സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകളുടെ ടിക്കറ്റ് എടുത്തവര്‍ക്ക് ടിക്കറ്റ് നിരക്ക് മുഴുവനായും റീഫണ്ട് അനുവദിക്കുമെന്നും ദക്ഷിണ റെയില്‍വേ വ്യക്തമാക്കി. മുഴുവനായി റദ്ദാക്കിയ ട്രെയിനുകളില്‍ യാത്രാ തീയതി മുതല്‍ ആറുമാസം വരെയുള്ള കാലാവധിയില്‍ റീഫണ്ട് ലഭ്യാമക്കാനാവും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ക്ക്, യാത്രമുടങ്ങിയ ഭാഗത്തേക്കുള്ള ടിക്കറ്റിന്റെ തുക റീഫണ്ട് ചെയ്ത് ലഭിക്കും. ട്രെയിന്‍ പുറപ്പെടുന്ന തീയതി മുതല്‍ 6 മാസം വരെയാണ് ഈ കാലാവധി. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓട്ടോ റീഫണ്ട് സൗകര്യം ലഭ്യമാണ്.