'ബുര്‍വി' ചുഴലിക്കാറ്റ് വരുന്നു; നാല് ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട്
തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ന്യൂനമര്‍ദം 'ബുര്‍വി' ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ശ്രീലങ്കന്‍ തീരത്തുനിന്ന് 680 കി.മീ ദൂരത്തിലും കന്യാകുമാരിയില്‍നിന്ന് 1090 കി.മീ ദൂരത്തിലും സ്ഥിതിചെയ്യുന്ന തീവ്രന്യൂനമര്‍ദം ചൊവ്വാഴ്ച അതിതീവ്രത പ്രാപിച്ച് ഡിസംബര്‍ രണ്ട് വൈകീട്ടോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.
വൈകീട്ട് ശ്രീലങ്കന്‍ തീരം കടക്കുന്ന ബുര്‍വി വ്യാഴാഴ്ച കന്യാകുമാരി തീരത്ത് എത്തുമെന്നാണ് കണക്കു കൂട്ടല്‍. ബുര്‍വി തെക്കന്‍ കേരളം -തെക്കന്‍ തമിഴ്നാട് തീരങ്ങളിലാകും വീശിയടിക്കുക. കേരളത്തിലും തമിഴ്നാട്ടിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ജാഗ്രത മുന്നറിയിപ്പ് നല്കിട്ടുണ്ട്.
ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 മി.മീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ ഓറഞ്ച് അലര്‍ട്ടിലാണ്.
ബുര്‍വിയുടെ വികാസവും സഞ്ചാരപഥവും കേന്ദ്രകാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിരീക്ഷിച്ചുവരുകയാണ്. ഓഖി ചുഴലിക്കാറ്റിന് സമാനമായ തീവ്രത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്ന് കടലില്‍ പോകുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി. മത്സ്യബന്ധനത്തിലേര്പ്പെട്ടിരിക്കുന്നവരോട് ഏറ്റവും അടുത്ത സുരക്ഷിത തീരത്ത് ബോട്ടുകള്‍ അടുപ്പിക്കാന്‍ നിര്‍ദേശം നല്കി.
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതിജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കാറ്റ് ശക്തമാകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നോടു കൂടിതന്നെ ദുരിതാശ്വാസ ക്യാമ്ബുകള്‍ ആരംഭിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി.