
'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ
ഖലിസ്ഥാൻ അനുകൂല, നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൽനിന്ന് 16 ദശലക്ഷം ഡോളർ ഫണ്ട് വാങ്ങി എന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിനു ശുപാർശ. ഡല്‍ഹി ലഫ്. ഗവര്‍ണർ വി.കെ.സക്സേനയാണ് അന്വേഷണത്തിനു ശുപാര്‍ശ നല്‍കിയത്. കേജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ലഫ്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചു.
ഖലിസ്ഥാൻ ഭീകരൻ ദേവീന്ദർ പാൽ സിങ് ഭുള്ളറിനെ മോചിപ്പിക്കുന്നതിനും ഖലിസ്ഥാൻ അനുകൂല വികാരം ഉയർത്തിപ്പിടിക്കുന്നതിനും സഹായം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി എന്നാണ് ആരോപണം. ഖലിസ്ഥാൻ ഭീകരൻ ഗുർപട്‍വന്ത് സിങ് പന്നു ഉൾപ്പെടുന്ന വിഡിയോ ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ലഫ്. ഗവർണർ സക്സേനയുടെ പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചത്. കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടി ഖലിസ്ഥാൻ അനുകൂല സംഘടനയിൽനിന്ന് 2014 മുതൽ 2022 വരെയുള്ള കാലയളവിൽ 16 മില്യൻ ഡോളർ വാങ്ങിയതായി വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. 2014ൽ ന്യുയോർക്കിലെ റിച്ച്മോണ്ട് ഹിൽസ് ഗുരുദ്വാരയിൽ വച്ച് കേജ്‌രിവാള്‍ ഖലിസ്ഥാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും കത്തിൽ പരാമർശമുണ്ട്. ഭുള്ളറിനെ മോചിപ്പിക്കാൻ കേജ്‌രിവാള്‍ സഹായം വാഗ്ദാനം നൽകിയതായും കത്തിൽ പറയുന്നു.
ബിജെപിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ അവർ നടത്തുന്ന മറ്റൊരു വലിയ ഗൂഢാലോചനയാണിതെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.ഡൽഹിയിലെ സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പെടുന്നുവെന്നതിനാൽ അവര്‍ അസ്വസ്ഥരാണെന്നും സൗരഭ് ഭരദ്വാജ് ആരോപിച്ചു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി ഈ ഗൂഢാലോചന നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2014 മുതല്‍ 2022 വരെയുള്ള കാലത്ത് വിദേശത്തുള്ള ഖലിസ്താന്‍ സംഘടനകളില്‍നിന്ന് ആം ആദ്മി പാര്‍ട്ടി പണം സ്വീകരിച്ചുവെന്ന് ആരോപിച്ച് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് തലവന്‍ പന്നൂന്‍ വീഡിയോസന്ദേശം പുറത്തുവിട്ടിരുന്നു.
1993-ലെ ഡല്‍ഹി ബോംബ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന ഖലിസ്താന്‍ ഭീകരവാദി ദേവീന്ദര്‍പാര്‍ സിങ് ഭുള്ളറെ മോചിപ്പിക്കാമെന്ന് കെജ്‌രിവാള്‍ ഉറപ്പുകൊടുത്തെന്നും പന്നൂന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതടക്കം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കുള്ള പരാതിക്കൊപ്പം ചേര്‍ത്തിരുന്നു. ആഭ്യന്തരമന്ത്രാലയം ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് എന്‍ഐഎ അന്വേഷണത്തിന് റഫര്‍ ചെയ്യണമെന്നാണ് കത്തിലെ ആവശ്യം.