കൊല്ലത്തെ മത്സ്യബന്ധന ഹാര്‍ബറുകള്‍ അടച്ചു
കൊല്ലം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊല്ലത്തെ മത്സ്യബന്ധന ഹാര്‍ബറുകള്‍ അടച്ചു. തങ്കശ്ശേരി, വാടി, മൂദാക്കര, ജ്യോനകപുറം, പോര്‍ട്ട് കൊല്ലം, മത്സ്യബന്ധന ഹാര്‍ബറുകളാണ് അടച്ചത്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കൊല്ലം തീരത്തെ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനവും നിരോധിച്ചു. തീരപ്രദേശത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഹാര്‍ബറുകളും അനുബന്ധ ലേല ഹാളുകളും അടയ്ക്കുന്നതെന്ന് ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍മാനും ജില്ലാ കളക്ടറുമായ ബി അബ്ദുള്‍ നാസര്‍ അറിയിച്ചു.
ജില്ലയില്‍ ശനിയാഴ്ച്ച 534 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും സമ്ബര്‍ക്കം വഴി 531 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 174 പേര്‍ക്കാണ് രോഗബാധ. കൊല്ലം കോര്പ്പറേഷന് പരിധിയില്‍ ആശ്രാമം, കാവനാട്, ശക്തികുളങ്ങര, പുള്ളിക്കട, പള്ളിത്തോട്ടം, മൂതാക്കര, തേവള്ളി, പോളയത്തോട് എന്നിവിടങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍, പരവൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നീണ്ടകര, ചവറ, ശൂരനാട്, ചടയമംഗലം, കുലശേഖരപുരം, കുളക്കട, തൃക്കോവില്‍വട്ടം, വെളിനല്ലൂര്‍, കൂളത്തൂപ്പുഴ, ക്ലാപ്പന ഭാഗങ്ങളിലുമാണ് രോഗബാധിതല്‍ കൂടുതലുള്ളത്. ജില്ലയില്‍ ഇന്നലെ 284 പേര് രോഗമുക്തി നേടി.