മാതൃകാപെരുമാറ്റച്ചട്ട സമിതി യോഗം ചേര്‍ന്നു
തദ്ദേശസ്വയംഭരണ വകുപ്പ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും മോണിറ്ററിങ് സമിതി ചെയര്‍മാനുമായ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം.എസിന്റെ അധ്യക്ഷതയില്‍ മാതൃകാപെരുമാറ്റച്ചട്ട ജില്ലാ തല മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നു. സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഉന്നയിക്കുന്ന സംശയ നിവാരണത്തിന് പരാതികളില്‍ ഉടന്‍ നടപടിയെടുക്കുന്നതിനായി ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. സബ് കളക്ടറുടെ നേതൃത്വത്തില്‍ ഒരു സ്‌ക്വാഡും താലൂക്ക് തലത്തില്‍ തഹസില്‍ദാറുമാരുടെ നേതൃത്വത്തില്‍ ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കണമെന്നും യോഗത്തില്‍ പറഞ്ഞു. മോണിറ്ററിങ് സമിതി കണ്‍വീനറും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കെ. ഗോപിനാഥ്, സമിതി അംഗങ്ങളായ ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ ഉണ്ണികൃഷ്ണന്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

