മാതൃകാ പെരുമാറ്റച്ചട്ടം: ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ട് തേടാൻ പാടില്ല
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ട് തേടാൻ പാടില്ലന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി മോസ്‌കുകൾ, ക്ഷേത്രങ്ങൾ, ചർച്ചുകൾ, മറ്റ് ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ ഉപയോഗിക്കരുത്. ഏതെങ്കിലും സ്ഥാനാർഥിക്കോ സമ്മതിദായകനോ അവർക്ക് താൽപര്യമുള്ള വ്യക്തികൾക്കോ എതിരെ സാമൂഹിക ബഹിഷ്‌കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികൾ ഉയർത്തരുത്.
സമ്മതിദായകർക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നൽകുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആൾമാറാട്ടം നടത്തുക, മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ വോട്ടെടുപ്പ് ദിവസം പോളിംഗ്‌സ്റ്റേഷന്റെ 100 മീറ്ററിനുള്ളിലും പഞ്ചായത്തിന്റെ കാര്യത്തിൽ 200 മീറ്ററിനുള്ളിലും വോട്ടുതേടുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ട് മുൻപുള്ള 48 മണിക്കൂർ സമയത്ത് പൊതുയോഗങ്ങൾ നടത്തുക, പോളിംഗ് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരികെയും സമ്മതിദായകരെ വാഹനങ്ങളിൽ കൊണ്ടുപോവുക തുടങ്ങിയവ കേരള പഞ്ചായത്ത് രാജ് ആക്ട് 120, 122, 127 വകുപ്പുകളും കേരള മുനിസിപ്പാലിറ്റി ആക്ട് 144, 146, 151 വകുപ്പുകളും പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ്.
ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവർത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർഥികൾക്കും എത്ര എതിർപ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കേണ്ടതാണ്. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകൾക്ക് മുമ്പിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുക, പിക്കറ്റ് ചെയ്യുക തുടങ്ങിയ രീതികൾ ഒരു കാരണവശാലും അവലംബിക്കരുത്. രാഷ്ട്രീയ കക്ഷികളോ സ്ഥാനാർഥികളോ അവരുടെ അനുയായികളോ ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ ഉപയോഗിക്കാൻ പാടില്ല.
സർക്കാർ ഓഫീസുകളിലും അവയുടെ വളപ്പിലും പരിസരത്തും ചുവർ എഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ടൗട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. ഏതെങ്കിലും പൊതുസ്ഥലത്ത് പരസ്യങ്ങളും ബോർഡുകളും മറ്റ് പ്രചരണോപാധികളും തടസ്സമില്ലെങ്കിൽ അവിടെ പരസ്യങ്ങൾ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർഥികൾക്കും തുല്യ അവസരം നൽകണം. ഏതെങ്കിലും പ്രത്യേക കക്ഷിക്കോ സ്ഥാനാർഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും നീക്കിവച്ചിട്ടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികൾ (കൊടി, ബാനർ, പോസ്റ്റർ, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാൻ പാടില്ല. പരസ്യങ്ങൾക്ക് വേണ്ടി വരുന്ന ചെലവ്, സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തേണ്ടതാണ്.
രാഷ്ട്രീയ കക്ഷികളോ സ്ഥാനാർഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങൾ സ്ഥാപിച്ചോ മുദ്രാവാക്യങ്ങൾ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാൽ അവ ഉടൻ നീക്കം ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകേണ്ടതാണ്. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നടപടി സ്വീകരിക്കുകയും അതിനു വേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേർക്കുകയും ചെയ്യേണ്ടതാണെന്നും പെരുമാറ്റചട്ടത്തിൽ വ്യക്തമാക്കുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനുള്ള ജില്ലാതല മോണിറ്ററിംഗ് സമിതിയുടെ പ്രഥമ യോഗം ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. കൺവീനർ തദ്ദേശ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി.ജെ അരുൺ, അംഗങ്ങളായ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ. ബിനി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, ജില്ലാ പോലീസ് മേധാവികളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

