വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു
വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. അവസാനശ്വാസം വരെ നാടിന്റെ വികസനത്തിനായി നിലകൊണ്ട നേതാവാണ് വാഴൂര്‍ സോമനെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് ശേഷം നടന്ന യോഗത്തില്‍ എം എല്‍ എയെ അനുസ്മരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി എന്നും അദ്ദേഹം നിലനിന്നു. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാനും നാട്ടില്‍ മികച്ച കായിക താരങ്ങളെ വളര്‍ത്തിയെടുക്കാനും ലഹരിയില്‍ നിന്ന് യുവ തലമുറയെ പിന്തിരിപ്പിച്ച് ജീവിതം ലഹരിയാക്കി മാറ്റാനുമാണ് ഓരോ പഞ്ചായത്തിലും ഒരു കളിക്കളം എന്ന പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്. കായിക താരങ്ങള്‍ക്ക് മികച്ച പശ്ചാത്തല സൗകര്യം ഒരുക്കാനാണ് സ്റ്റേഡിയം നിര്‍മ്മിച്ചതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
പീരുമേട് എം എല്‍ എ ആയിരുന്ന വാഴൂര്‍ സോമന്റെ സ്വപ്ന പദ്ധതിയായ മിനി സ്റ്റേഡിയം നവീകരണത്തിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി മിനി സ്റ്റേഡിയത്തിന് ‘വാഴൂര്‍ സോമന്‍ എം. എല്‍. എ സ്മാരക സ്റ്റേഡിയം’ എന്ന് നാമകരണ പ്രഖ്യാപനം നടത്തി.ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എം എല്‍ എ എ. ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും സര്‍ക്കാരിന്റെ 50 ലക്ഷം രൂപയും കൊണ്ട് ഒരു കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേഡിയത്തില്‍ നടത്തി.വോളിബോള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, കബഡി തുടങ്ങി വിവിധയിനങ്ങളില്‍ പരിശീലനം നടത്താന്‍ സ്റ്റേഡിയത്തില്‍ സാധിക്കും.
വണ്ടിപ്പെരിയാര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം ഉഷ അധ്യക്ഷയായി. ദേശീയ- സംസ്ഥാന- പഞ്ചായത്ത് തലങ്ങളില്‍ വിവിധ കായികയിനങ്ങളില്‍ ജേതാക്കളായവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്. പി രാജേന്ദ്രന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. എസ് രാജന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വത്തായി, ബ്ലോക്ക് മെമ്പര്‍ പി. മാലതി, താലൂക്ക് സപ്ലൈ ഓഫീസര്‍ എം. ഗണേശന്‍,വിവിധ വാര്‍ഡുകളിലെ മെമ്പര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

