തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്; ഡ്യൂട്ടി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ നടപടി ക്രമങ്ങളായി
2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുളള നടപടിക്രമങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനായി 2015 ലെയും 2020 ലെയും പൊതുതിരഞ്ഞെടുപ്പുകളില്‍ വിജയകരമായി ഉപയോഗിച്ച ഇ ഡ്രോപ്സ് സോഫ്റ്റ് വെയര്‍ പുതിയ സവിശേഷതകള്‍ കൂട്ടിചേര്‍ത്ത് അപ്ഡേറ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. വെബ് അധിഷ്ഠിത സോഫ്റ്റ് വെയര്‍ ആയ ഇ ഡ്രോപ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്ക് സെന്ററാണ് വികസിപ്പിച്ചിട്ടുളളത്. ജില്ലയില്‍ മട്ടന്നൂര്‍ നഗരസഭ ഒഴികെ തിരഞ്ഞെടുപ്പ് നടക്കുന്ന ആകെ 2305 പോളിംഗ് സ്റ്റേഷനുകള്‍ ആണുളളത്. പോളിംഗ് ഉദ്യോഗസ്ഥരുടെ ആകെ ആവശ്യകതയുടെ 40 ശതമാനം പ്രാരംഭ റിസര്‍വായി നിശ്ചയിച്ചിട്ടുണ്ട്. റിസര്‍വ് ഉള്‍പ്പെടെ ജില്ലയില്‍ 3227 എണ്ണം പ്രിസൈഡിംഗ് ഓഫീസര്‍മാരുടെയും 3227 എണ്ണം ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരുടെയും, 6454 എണ്ണം പോളിംഗ് ഓഫീസര്‍മാരുടെയും ഉള്‍പ്പെടെ ആകെ 12908 പോളിംഗ് ഉദ്യോഗസ്ഥരുടെ ആവശ്യകതയാണുളളത്.
സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംസ്ഥാന കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍, പി.എസ്.സി, എയ്ഡഡ് കോളേജുകള്‍ /സ്‌കൂളുകള്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് ഇ ഡ്രോപ് സോഫ്റ്റ് വെയറിൽ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ചുമതല. അതത് തദ്ദേശ സ്ഥാപന പരിധിയിലെ സ്ഥാപന മേധാവികള്‍ക്ക് ലഭ്യമാവുന്ന യൂസര്‍ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് സ്ഥാപന മേധാവികള്‍ ജീവനക്കാരുടെ വിവരങ്ങള്‍ ഇതില്‍ നല്‍കണം. https://edrop.sec.kerala.gov.in എന്ന വെബ്സൈറ്റില്‍ നേരിട്ടും സ്ഥാപനമേധാവികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് സെല്‍ഫ് രജിസ്റ്റര്‍ ചെയ്ത് ജീവനക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്താം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക മാനദണ്ഡങ്ങള്‍ പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ അര്‍ഹതയുളള ജീവനക്കാരുടെ വിശദാംശങ്ങള്‍ തെളിവ് / മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്റ്റാഫ് ലിസ്റ്റിന്റെ ഹാര്‍ഡ് കോപ്പിയും പൂര്‍ത്തീകരണത്തിന്റെ അക്നോളജ്മെന്റും തദ്ദേശ സ്ഥാപന സെക്രട്ടറിയെ ഏല്‍പ്പിക്കണം.
നവംബര്‍ ഏഴിനകം ഈ പ്രക്രിയ പൂര്‍ത്തീകരിച്ച് അക്നോളജ്മെന്റ് ജനറേറ്റ് ചെയ്ത് ഹാര്‍ഡ് കോപ്പി തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് കൈമാറണം. തദ്ദേശ സ്ഥാപന പരിധിയിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഇ ഡ്രോപില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി ഉറപ്പുവരുത്തുകയും സ്ഥാപനങ്ങള്‍ രേഖപ്പെടുത്തിയിട്ടുളളതും സമര്‍പ്പിച്ചതുമായ വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തി നവംബര്‍ 11 നകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും വേണം. ഇ ഡ്രോപ് പ്രവര്‍ത്തനം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും ബ്ലോക്ക് പഞ്ചായത്ത് /മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ വരണാധികാരികള്‍ക്കും ഒക്ടോബര്‍ 28 ന് ഓണ്‍ലൈന്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

