ബോണ്ടി ബീച്ച് കൂട്ടക്കൊല, മരണം 16 ആയി
ജൂത മതാചാരമായ ഹനുക്ക ആഘോഷിക്കുന്നതിനിടെ ഉണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. സിഡ്നി ബോണ്ടി ബീച്ചിൽ ഞായറാഴ്ച രണ്ട് പേർ ചേർന്ന് നടത്തിയ വെടിവെപ്പിൽ ഒരു അക്രമി ഉൾപ്പെടെ 16 പേരാണ് കൊല്ലപ്പെട്ടത്. 40 ൽ അധികം പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്. സാജിദ് അക്രം, അയാളുടെ 24 വയസ്സുള്ള മകൻ നവീദ് അക്രം എന്നിവര്‍ ചേര്‍ന്നാണ് വെടിവെപ്പ് നടത്തിയത്. സംഭവത്തിനു പിന്നാലെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സാജിദ് അക്രം കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നവീദ് പോലീസ് കാവലില്‍ ആശുപത്രിയിലാണ്. അക്രമികൾ 50 മുതൽ 100 തവണവരെ വെടിവയ്പ്പ് നടത്തിയതായി പൊലീസ് പറയുന്നു.
ഏകദേശം 10 മിനിറ്റ് വെടിവയ്പ്പ് തുടർന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന് ഇരയായവരിൽ 10 വയസ്സുള്ള ഒരു പെൺകുട്ടിയും 87 വയസ്സുള്ള വൃദ്ധനും ഉൾപ്പെടുന്നു. ആക്രമണ സ്ഥലത്തിന് വളരെ അകലെയല്ലാത്ത സ്ഥലത്താണ് ശവസംസ്കാര ചടങ്ങുകൾ നടത്തിയത്. സമീപത്തുള്ള തെരുവുകളിൽ കനത്ത പോലീസ് സാന്നിധ്യം ഏർപ്പെടുത്തി. സാധാരണയായി ജൂത വിശ്വാസ പ്രകാരം മരണശേഷം 24 മണിക്കൂറിനുള്ളിൽ അടക്കം ചെയ്യാറുണ്ട്. എന്നാൽ ഇത്രയും പേരുടെ മരണത്തെ തുടർന്നുള്ള നിയമ നടപടികൾ കാരണം ശവസംസ്കാര ചടങ്ങുകൾ വൈകി. പ്രതികൾ 50 ഉം 24 ഉം വയസ്സുള്ള അച്ഛനും മകനുമാണ്. അവർ 'ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭീകരാക്രമണം' നടത്തിയതാണെന്ന് ഓസ്‌ട്രേലിയയുടെ ഫെഡറൽ പോലീസ് കമ്മീഷണർ ക്രിസ്സി ബാരറ്റ് പറഞ്ഞു.

