അരുണാചലിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു: 17 മരണം
അരുണാചൽ പ്രദേശിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചതായി റിപ്പോർട്ട്. ഇന്ത്യ-ചൈന അതിർത്തിയിലുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടമുണ്ടായത്. 21 തൊഴിലാളികളുമായി പോയ ട്രക്ക് ആണ് കൊക്കയിലേക്ക് മറിഞ്ഞത്. കുറഞ്ഞത് 17 തൊഴിലാളികൾ മരിച്ചതായി അഞ്ജാവ് ഡെപ്യൂട്ടി കമീഷണർ മില്ലോ കോജിൻ പറഞ്ഞു. തിങ്കളാഴ്ചയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ഒരാൾ ആസ്ഥാന നഗരത്തിലെത്തി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്.
ഏകദേശം 10,000 അടിയിലധികം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. 13 പേരുടെ മൃതദേഹം കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആസാമിൽ നിന്നുള്ള തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് ചഗ്ലഗാം അതിർത്തി.

