അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം
രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായ അതിജീവിതയ്ക്ക് നേരെ നടന്ന സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന രാഹുൽ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന് ശേഷമാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ നിരവധി തവണ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നെങ്കിലും നിഷേധിച്ചിരുന്നു. ഉപാധികളോടെയാണ് നിലവിൽ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്നും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്നുമുള്ള നിബന്ധനയിലുമാണ് ജാമ്യം ലഭിച്ചത്.
സൈബർ അധിക്ഷേപം നടത്തിയെന്ന അതിജീവിതയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലിസ് കേസെടുത്തത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്, സന്ദീപ് വാര്യർ നാലാം പ്രതിയും, രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. ആറാം പ്രതി പാലക്കാട് സ്വദേശിയായ വ്ലോഗറാണ്.

