റൺവേയ്ക്കരികിൽ പുല്ലിന് തീ പിടിച്ചു; വിമാനം ഇറക്കാതെ പറന്നുയർന്നു
റൺവേയ്ക്കരികിൽ പുല്ലിന് തീ പിടിച്ചതിനെ തുടർന്ന് വിമാനം ലാൻഡിങ് റദ്ദാക്കി വീണ്ടും പറന്നുയർന്നു. ഇന്നലെ രാവിലെ കൊച്ചി വിമാനത്താവളത്തിൽ മാലിയിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനം ആണ് ഇറങ്ങാതെ പറന്നുയർന്ന് ‘റൗണ്ട്’ ചെയ്തത്. രാവിലെ10.35നാണ് വിമാനം കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങാനായെത്തിയത്.
ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് റൺവേയിൽ പുല്ലിന് തീ പിടിച്ചത് പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്.തുടർന്ന് പൈലറ്റ് വിമാനം ലാൻഡ് ചെയ്യാനുള്ള ശ്രമം ഉപേക്ഷിച്ച് പറന്നുയർന്നു. ഇതിനിടെ അഗ്നിരക്ഷാസേന എത്തി തീ അണച്ചു.വിമാനം വിമാനത്താവളത്തിനു മുകളിൽ കറങ്ങി ഏതാനും മിനിറ്റുകൾക്കു ശേഷം തീ പൂർണമായും അണച്ചെന്ന എയർ ട്രാഫിക് കൺട്രോൾ ടവറിൽ നിന്നുള്ള സന്ദേശത്തെ തുടർന്ന് 10.44ന് പൈലറ്റ് വിമാനം റൺവേയിലിറക്കി.

