മൂന്നര കോടിയിലധികം രൂപയുടെ നിരോധിത നോട്ടുകളുമായി നാലുപേർ അറസ്റ്റില്‍
3.5 കോടിയലധികം നിരോധിച്ച നോട്ടുകളുമായി നാല് പേർ അറസ്‌റ്റിൽ. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. അനധികൃത പണമിടപാട് റാക്കറ്റിൽ ഉൾപ്പെട്ടവരാണ് നാല് പേരുമെന്നും ഡൽഹി പൊലീസ് പറഞ്ഞു. ഹർഷ്(22), ടെക് ചന്ദ് താക്കൂർ(39), ലക്ഷ്യ(28), വിപിൻ കുമാർ(38) എന്നിവരെയാണ് അറസറ്റ് ചെയ്‌തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡബ്ല്യുപിഐഎയിൽ നിന്നുള്ള ഒരു സംഘം നടത്തിയ റെയ്‌ഡിലാണ് ഷാലിമാർബാഗ് മെട്രോ സ്‌റ്റേഷൻ ഗേറ്റ് നമ്പർ 4 ന് സമീപത്ത് നിന്ന് ഇവരെ പിടികൂടുന്നത്. സംഘം ഉപയോഗിച്ച രണ്ട് വാഹനങ്ങളും സംഭവ സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു. "ആർബിഐയില്‍ നിന്ന് പണം മാറ്റി എടുത്ത് നല്‍കാം എന്ന് വാഗ്‌ദാനം ചെയ്‌താണ് കാലാവധി കഴിഞ്ഞ നോട്ടുകള്‍ കൈവശപ്പെടുത്തിയത് എന്ന് തട്ടിപ്പ് സംഘം സമ്മതിച്ചിട്ടുണ്ട്. വഞ്ചന, ഗൂഢാലോചന, ബാങ്ക് നോട്ട്സ് നിയമത്തിൻ്റെ ലംഘനം എന്നീ കേസുകളാണ് ഇവർക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്", പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

