കെ സ്മാർട്ട് സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും
തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും പൊതുജനങ്ങൾക്ക് കെ സ്മാർട്ട് സോഫ്റ്റ്‌വെയർ മുഖേന അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാകില്ലെന്ന് ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. 21നുശേഷം തുടർന്നും കെ സ്മാർട്ട് സേവനം ലഭ്യമാകും.
2024 ജനുവരി ഒന്നു മുതലാണ് സംസ്ഥാനത്തെ നഗരസഭകളിൽ കെ സ്മാർട്ട് സേവനം ആദ്യം നടപ്പാക്കിയത്. പിന്നീട് ത്രിതലപഞ്ചായത്തിലേക്ക് വ്യാപിപ്പിച്ചതോടെ സേവന വിതരണത്തിലും വ്യവസായ സൗഹൃദ മേഖലയിലും വൻ കുതിപ്പായി. സിവിൽ രജിസ്ട്രേഷൻ, സ്ഥലനികുതി, കെട്ടിട നിർമാണ പെർമിറ്റ്, മീറ്റിങ് മാനേജ്മെന്റ്, വാടക, പാട്ടം, പ്രൊഫഷണൽ നികുതി, പാരാമെഡിക്കൽ, ട്യൂട്ടോറിയൽ രജിസ്ട്രേഷൻ, പെറ്റ് ലൈസൻസ്, ഡിജിറ്റൽ ഫയൽ മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങളാണ് കെ സ്മാർട്ടിലൂടെ ലഭിക്കുന്നത്.

