എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
വികസന കാര്യങ്ങളിൽ ജനങ്ങൾ കൂടി പങ്കാളികളായി ജനകീയമുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കണമെന്നും എല്ലാം സർക്കാർ നൽകുമെന്ന കാഴ്ചപ്പാട് മാറണമെന്നും നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ നിയമസഭാ സ്പീക്കർക്ക് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കൾക്കുള്ള താക്കോൽദാനം സ്പീക്കർ നിർവഹിച്ചു.
വികസന സദസ്സിന്റെ സംസ്ഥാനതല റിപ്പോർട്ട് എൽ എസ് ജി ഡി അസി. ഡയറക്ടർ ഉമേഷ് ബാബു അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി ടി.കെ ജെസിൻ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു. ഭാവി വികസനത്തിനാവശ്യമായ ആശയങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾ അവതരിപ്പിച്ചു. പഞ്ചായത്ത് നടപ്പാക്കിയ വിവിധ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും പുരസ്‌കാര നേട്ടങ്ങളുടെയും ഫോട്ടോ പ്രദർശനം വികസന സദസ്സിന്റെ ശ്രദ്ധാകേന്ദ്രമായി. പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങളെ ആദരിച്ചു.
നിർദേശങ്ങളുമായി ഓപ്പൺ ഫോറം
കൂടുതൽ വികസിതമായ എരഞ്ഞോളി എന്ന ലക്ഷ്യം കൈവരിക്കാൻ പൊതുജനങ്ങൾ അവതരിപ്പിച്ച നിർദേശങ്ങളും ആശയങ്ങളുമായി ഓപ്പൺ ഫോറം സജീവമായി. പൊതുശ്മശാനം നിർമിക്കണം, തലശ്ശേരി മണ്ഡലത്തിൽ ചെസ് അക്കാദമി, വിദ്യാലയങ്ങളിൽ പൂരക്കളിയും കളരി അഭ്യാസവും നടത്തണം, റോഡ് വികസനത്തിൽ വീട് നഷ്ടപ്പെടുന്നവരുടെ ആശങ്കകൾ പരിഹരിക്കണം തുടങ്ങി ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് ഒട്ടേറെ വ്യത്യസ്തവും നൂതനവുമായ ആശയങ്ങൾ വികസന സദസ്സിൽ ചർച്ചയായി.
ഓറിയോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി വിജു, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്തൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി മഞ്ജുഷ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഡോ. ആർ.എൽ സംഗീത, കെ ഷാജി, സി.കെ ജസ്‌ന, പഞ്ചായത്തംഗങ്ങളായ എം ബാലൻ, എ.കെ രമ്യ, സുശീൽ ചന്ദ്രോത്ത്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.പി സാരജൻ, പി പ്രസന്നൻ, കരിമ്പിൽ രാംദാസ് എന്നിവർ പങ്കെടുത്തു.

