തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: 29 മുതൽ വോട്ടർപട്ടികയിൽ പേര് ചേർക്കാം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള തീയതികൾ നിശ്ചയിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.
കരട് വോട്ടർ പട്ടിക സെപ്റ്റംബർ 29ന് പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. പേരു ചേർക്കുന്നത് ഉൾപ്പെടെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും സെപ്റ്റംബർ 29 മുതൽ
www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി നൽകാവുന്നതാണ്. ഇവ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 14 ആണ്. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കും. പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫാറം 4 ലും വോട്ടർ പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിന് ഫാറം 6 ലും ഒരു വോട്ടറുടെ പേരുവിവരം ഒരു വാർഡിൽ നിന്നും മറ്റൊരു വാർഡിലേക്ക് മാറ്റുന്നതിന് ഫാറം നമ്പർ 7 ലും അപേക്ഷകൾ നൽകാം.

