സ്ത്രീകളില്‍ ഒതുങ്ങുന്ന കലയല്ല മോഹിനിയാട്ടം: മേതിൽ ദേവിക
മോഹിനിയാട്ടം സ്ത്രീകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന കലാരൂപമല്ലെന്ന് മേതിൽ ദേവിക. പുരുഷന്മാരുടെ ഘടനയ്ക്ക് ഏറ്റവും അനുയോജ്യമാണിത്. ഇക്കാര്യം നന്നായി മനസ്സിലാക്കി അതിനുവേണ്ടി പരിശ്രമിക്കുന്നതുകൊണ്ടായിരിക്കാം കൂടുതല്‍ ആണ്‍കുട്ടികളെ വിദ്യാര്‍ത്ഥികളായി കിട്ടിയതെന്നും മേതിൽ ദേവിക പറഞ്ഞു. കെ എല്‍ ഐ ബി എഫ് ഡയലോഗ് സെഷനില്‍ ‘പരമ്പരാഗത നൃത്തത്തിലെ നവീന ദർശനങ്ങൾ’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍.
നൃത്തത്തിൽ വ്യത്യസ്തത കൊണ്ടുവരിക എളുപ്പമായിരുന്നില്ല. അടിസ്ഥാന ചട്ടക്കൂടില്‍ നിന്നുകൊണ്ട് നൃത്തത്തില്‍ വൈവിധ്യം കൊണ്ടുവരാനായി എന്നാണ് കരുതുന്നത്. കലയുടെയും കാലത്തിന്റെയും നവീനാശയങ്ങളെ പുതിയ കലാകാരന്മാര്‍ ആവിഷ്‌കരിക്കുമ്പോഴാണ് വ്യത്യസ്തത ഉണ്ടാകുന്നത്. കാഴ്ചക്കാരുടെ മുന്‍പില്‍ വ്യത്യസ്ത ഭാവങ്ങള്‍ അവതരിപ്പിക്കുക എളുപ്പമല്ല. അത് ആസ്വാദകര്‍ക്ക് അനുഭവഭേദ്യമാകണം. വൈകല്യങ്ങളെ പോലും പലപ്പോഴും കലയായും കഴിവായും മാറ്റാനും അവതരിപ്പിക്കാനും കലാകാരന് സാധിക്കണം.
ആരുടെയും അംഗീകാരത്തിനായി കാത്തുനിന്നിട്ടില്ല. വിപ്ലവകരമായ മാറ്റങ്ങള്‍ മനഃപ്പൂര്‍വം സൃഷ്ടിക്കാതെ ഉള്ളിലെ കലയെ ആസ്വാദ്യമാക്കി കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുകയാണ് ചെയ്യാറുള്ളത്. മോഹിനിയാട്ട നര്‍ത്തകി എന്നതിനേക്കാള്‍ നര്‍ത്തകി എന്നറിയപ്പെടാനുള്ള ആഗ്രഹമാണ് വിജയങ്ങള്‍ കൈവരിക്കാന്‍ സഹായിച്ചത്. നൃത്തത്തിനുപരി പുസ്തകരചനക്കു താല്‍പര്യമുണ്ടെന്നും മേതില്‍ ദേവിക മനസ്സുതുറന്നു.