ഉദ്ഘാടനത്തിന് ഒരുങ്ങി കോട്ടുവള്ളി, മൂത്തകുന്നം വില്ലേജ് ഓഫീസുകള്‍
പറവൂര്‍ താലൂക്കിലെ കോട്ടുവള്ളി, മൂത്തകുന്നം വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി. ആധുനിക സൗകര്യങ്ങളോടെയാണ് രണ്ടു വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കിയിരിക്കുന്നത്.
മൂത്തകുന്നം തറയില്‍ കവലയില്‍ നേരത്തെ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് രണ്ടു നിലയുള്ള പുതിയ മൂത്തകുന്നം വില്ലേജ് ഓഫീസ് പണിതിരിക്കുന്നത്. നിര്‍മ്മിതി കേന്ദ്രയ്ക്കായിരുന്നു നിര്‍മ്മാണ ചുമതല.
ഭിന്നശേഷിക്കാര്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാനായി ഇവിടെ റാംപ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ മുറി, ഫയല്‍ റൂം, ജീവനക്കാരുടെ മുറി, ശുചിമുറി എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ വില്ലേജ് ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്.
രണ്ടു നിലയിലായി പണിതിരിക്കുന്ന കോട്ടുവള്ളി വില്ലേജ് ഓഫീസില്‍ ഫ്രന്റ് ഓഫീസ്, വെയ്റ്റിംഗ് ഏരിയ, വില്ലേജ് ഓഫീസറുടെ മുറി, റെക്കോര്‍ഡ് റൂം, മീറ്റിംഗ് ഹാള്‍, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേക ശുചിമുറി, റാംപ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
‘എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാരിന്റെ പ്രതിജ്ഞാ വാചകം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപയിലാണ് രണ്ടു വില്ലേജ് ഓഫീസുകളും നിര്‍മ്മിച്ചിരിക്കുന്നത്.