Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുത് : മുഖ്യമന്ത്രി

02 March 2024 06:55 PM

 കേരള മീഡിയ അക്കാദമി അന്താരാഷ്ട്ര മാധ്യമോത്സവം


മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാക്കനാട് മീഡിയ അക്കാദമിയിൽ ആരംഭിച്ച മൂന്നു ദിവസത്തെ അന്താരാഷ്ട്ര മാധ്യമോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഉയര്‍ന്നുവരുന്ന പുതുതായി പ്രയോഗത്തില്‍ വരുന്ന ന്യൂജനറേഷന്‍ വാക്കുകളെക്കൂടി ഉള്‍പ്പെടുത്തുന്ന വിധത്തില്‍ മലയാള നിഘണ്ടു ഇടയ്ക്കിടെ പരിഷ്‌ക്കരിക്കുന്നത് നന്നാകും. ഇംഗ്ലീഷില്‍ പുതിയ വാക്കുകളെ ക്രോഡീകരിച്ച് ഓരോ വര്‍ഷവും ഓക്‌സ്ഫര്‍ഡ് ഡിക്ഷ്നറി ഔദ്യോഗികമായി തന്നെ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. അതുപോലെ ഒരു സംവിധാനം മലയാള ഭാഷയുടെ കാര്യത്തിലും പരീക്ഷിക്കാം.


മലയാളം എന്ന ഭാഷയുടെ അടിസ്ഥാനത്തിലാണ് മലയാളി സംസ്‌കാരവും സമൂഹവും നിലകൊള്ളുന്നത്. ആ ഭാഷയെ സംരക്ഷിക്കാനും വളര്‍ത്താനും ഉള്ള ചുമതല മലയാള മാധ്യമങ്ങള്‍ക്കുണ്ട്. വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഉണ്ടെങ്കില്‍ മാത്രമാണ് അതു സാധ്യമാകുന്നത്. ആ നിലയ്ക്ക്, വൈവിധ്യങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കേണ്ടത് മാധ്യമങ്ങളുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്. എന്നാല്‍, അതിനെ ആ ഗൗരവത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ കാണുന്നുണ്ടോ എന്നത് സംശയമാണ്. ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെയാകെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ വിജയിച്ചാല്‍ മലയാള ഭാഷ തന്നെ ഇല്ലാതാകും. മലയാളഭാഷ ഇല്ലാതായാല്‍ മലയാള പത്രപ്രവര്‍ത്തനത്തെക്കുറിച്ചു പിന്നീടു ചിന്തിക്കേണ്ടതില്ലല്ലോ. ഈ ആപത്തു മനസ്സിലാക്കി വൈവിധ്യങ്ങളെ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയതയുടെ വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷതയുടെ പക്ഷത്തുനിന്ന് ചെറുക്കണം. അത് മാധ്യമങ്ങളുടെ നിലനില്‍പ്പിനുതന്നെ അത്യന്താപേക്ഷിതമാണ്. വര്‍ഗീയതയും മതനിരപേക്ഷതയും ഏറ്റുമുട്ടുന്നിടത്തു നിഷ്പക്ഷത കാപട്യമാണ്. അതു വര്‍ഗീയതയുടെ പക്ഷം ചേരലാണ്.


മറ്റു രംഗങ്ങളില്‍ എന്ന പോലെ മാധ്യമ മേഖലയിലും കണ്ണടച്ചുതുറക്കും മുമ്പേ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. ഈ മാറ്റങ്ങളെ കൃത്യമായി മനസ്സിലാക്കാനും അതിനനുസൃതമായി തങ്ങളെത്തന്നെ നവീകരിക്കാനും മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും സഹായിക്കുന്നതാവണം ഈ കോണ്‍ക്ലേവ്. സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ലോക വ്യാപകമായി വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന വ്യത്യസ്ത ശില്പശാലകള്‍ ഈ മീഡിയ കോണ്‍ക്ലേവിന്റെ ഭാഗമാണ് എന്നത് മാതൃകാപരമാണ്.


മറ്റെല്ലാ മേഖലകളിലും എന്ന പോലെ തന്നെ മാധ്യമ മേഖലയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ന് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മനുഷ്യരെ കഴിയുന്നത്ര ഒഴിവാക്കി പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പത്രം ഇറക്കാനും ടെലിവിഷന്‍ വാര്‍ത്തകള്‍ അവതരിപ്പിക്കാനും കഴിയുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെയുള്ള പല മാധ്യമസ്ഥാപനങ്ങളും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ തന്നെ ചില പ്രസിദ്ധീകരണങ്ങള്‍ അവരുടെ ആഴ്ചപ്പതിപ്പുകളെ ആര്‍ട്ടിഫിഷ്യല്‍ നിര്‍മ്മിതം എന്ന അറിയിപ്പോടെ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

എഡിറ്റര്‍മാരില്ലാത്ത ന്യൂസ് റൂമുകള്‍ നാളെ ഉണ്ടാകുമോ എന്ന ആശങ്ക പലരും പ്രകടിപ്പിക്കുന്നുണ്ട്. നിര്‍മ്മിതബുദ്ധി സ്വാഭാവികബുദ്ധിക്ക് പൂര്‍ണ്ണമായി പകരമാവുമോ എന്ന ചോദ്യം ന്യായമായും ഉയരാം. മനുഷ്യനോളം വരുമോ യന്ത്രം എന്ന ചോദ്യവും ഉണ്ടാകാം. അതേസമയം, ഭാഷാജ്ഞാനം, വ്യാകരണശുദ്ധി എന്നീ കാര്യങ്ങളില്‍ മികവു പുലര്‍ത്താന്‍ കഴിഞ്ഞേക്കാവുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സിന് മാനുഷികമായ കരുതലുകളുടെ കാര്യത്തില്‍ മനുഷ്യമനസ്സിനോളം ഉയരാന്‍ കഴിയുമോ എന്നതു കണ്ടറിയേണ്ടിയിരിക്കുന്നു. പുതിയ കാലത്ത് സാങ്കേതികവിദ്യയെ അപ്പാടെ തള്ളിക്കളയാന്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ആര്‍ക്കും കഴിയില്ല.


ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ത്യയിലും മാധ്യമസ്വാതന്ത്ര്യം കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടമാണിത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ പലസ്തീനിലെ ഗാസയില്‍ ഇസ്രയേലിന്റെ കടന്നാക്രമണത്താല്‍ കൊല്ലപ്പെട്ടു എന്നത് ലോകത്തെ നടുക്കുന്ന സംഭവമാണ്. ഒരു പ്രദേശത്തെ ഇത്രയധികം മാധ്യമപ്രവര്‍ത്തകര്‍ ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊല്ലപ്പെടുന്നത് ലോകത്ത് ആദ്യമായാണ്. മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല കുഞ്ഞുങ്ങളും സ്ത്രീകളും നിഷ്ഠുരമായി കൊല്ലപ്പെടുന്നു. മുപ്പതിനായിരത്തോളം പേരുടെ ജീവനാണ് ഇതിനകം കവര്‍ന്നത്. കൊല്ലപ്പെട്ടവരില്‍ നല്ലൊരു പങ്ക് കുഞ്ഞുങ്ങളാണ്. അംഗഭംഗം സംഭവിച്ച കുഞ്ഞുങ്ങളുടെ എണ്ണം ലക്ഷത്തിനുമേലെയാണ്.

ഇതൊക്കെയായിട്ടും ഇസ്രയേലിന്റെ ക്രൂരതകള്‍ മൂടിവെയ്ക്കുന്നതിനുള്ള മാധ്യമനയം ആഗോളതലത്തില്‍ മേധാവിത്വം നേടിയിരിക്കുന്നു. പലസ്തീന്‍ എന്നത് സ്വതന്ത്രരാജ്യമാണെന്നതും പലസ്തീന്റെ ഭാഗമായ ഗാസയെ ഇസ്രയേലിന്റെ ഓപ്പണ്‍ ജയിലാക്കിയിരിക്കുകയാണ് എന്നതും ലോകത്തെ അറിയിക്കാതിരിക്കുന്നതില്‍ സാമ്രാജ്യത്വപക്ഷ വാര്‍ത്താ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും ഇടപെടല്‍ വലിയ തോതില്‍ ഉണ്ടാവുന്നുണ്ട്. മനുഷ്യത്വത്തോടെയും കൃത്യതയോടെയും പലസ്തീന്‍ വിഷയത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍ മാധ്യമങ്ങള്‍ പൊതുവില്‍ പരാജയപ്പെട്ടിരിക്കുന്നു. സാമ്രാജ്യത്വ ലോബി മാധ്യമമേഖലയില്‍ അത്ര ശക്തമാണ് എന്നതാണ് അതിനു കാരണം.

അതിന്റെ സ്വാധീനം ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലും പ്രതിഫലിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’, അല്‍ ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫ് വയേല്‍ അല്‍ ദഹ്ദൂഹിനെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തിരിക്കുന്നു എന്നത് അര്‍ത്ഥപൂര്‍ണ്ണമാണ്. ദഹ്ദൂഹിന്റെ ഭാര്യയും മക്കളും പേരക്കുട്ടിയും ഉള്‍പ്പെടെ കുടുംബത്തിലെ പത്തിലധികം പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും അചഞ്ചലമായി മാധ്യമപ്രവര്‍ത്തനം തുടരുന്ന ദഹ്ദൂഹിനെ ഹാര്‍ദ്ദമായി അഭിനന്ദിക്കാം.


മാധ്യമ ഫോട്ടോഗ്രഫി നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുന്നതിനുള്ള നല്ലൊരു സംരംഭമാണ് മീഡിയ അക്കാദമി വര്‍ഷംതോറും സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ ഓഫ് കേരള. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വിയറ്റ്‌നാം യുദ്ധഭൂമിയിലെ ചിത്രമെടുത്ത് ആഗോളപ്രശസ്തി ആര്‍ജ്ജിച്ച പുലിറ്റ്‌സര്‍ സമ്മാനജേതാവ് നിക്ക് ഊട്ട് ഈ ഫോട്ടോ ഫെസ്റ്റിവലില്‍ എത്തിയതും അദ്ദേഹവുമായി സമയം ചെലവിട്ടതും ഓര്‍ക്കുകയാണ്.


ഇത്തവണത്തെ ഫോട്ടോഗ്രഫി പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുന്നത് ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റായ സന ഇര്‍ഷാദ് മട്ടുവാണ്. പുരുഷമേല്‍ക്കോയ്മയുടെ മേഖലയായി കരുതപ്പെടുന്ന ഫോട്ടോഗ്രഫിയില്‍ സ്ത്രീശക്തി തെളിയിച്ചിരിക്കുകയാണ് ഈ കശ്മീരി യുവതി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖിയോടൊപ്പം സന പുലിറ്റ്‌സര്‍ സമ്മാനം പങ്കിട്ടിരുന്നു. തീഷ്ണതയുള്ള തന്റെ ചിത്രങ്ങളിലൂടെ പുതുചരിത്രം തീര്‍ത്തിരിക്കുന്ന സനയെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു.


ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യം നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ച് ശക്തമായി പ്രതികരിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്ന ആര്‍ രാജഗോപാല്‍. ഇംഗ്ലീഷ് പത്രപ്രവര്‍ത്തന രംഗത്ത് പ്രതിഭ തെളിയിച്ച മലയാളികളില്‍ പ്രമുഖനാണ് രാജഗോപാല്‍. അധികാരകേന്ദ്രങ്ങളുടെ തെറ്റായ സമീപനങ്ങളെയും നടപടികളെയും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്ന മാധ്യമമായി കൊല്‍ക്കത്തയിലെ ടെലഗ്രാഫ് പത്രത്തെ മാറ്റിയ പത്രാധിപരാണ് രാജഗോപാല്‍. അതിലെ തലക്കെട്ടുകള്‍ രാജ്യത്തിന്റെ കണ്ണുതുറപ്പിക്കുന്നവയായിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരം വര്‍ഗീയാന്തരീക്ഷത്തില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ആ പത്രം നല്‍കിയ ‘ബി സി 2023’ എന്ന ശീര്‍ഷകം വായനക്കാരുടെ മനസ്സില്‍ എക്കാലവും മായാതെ നില്‍ക്കും. ഇതിനെല്ലാം പിന്നാലെയാണ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് രാജഗോപാലിനെ നീക്കിയത്. എന്നാല്‍, കേരളത്തില്‍ സത്യമായ വാര്‍ത്തയോ വസ്തുതാപരമായ വിവരമോ നല്‍കിയതിന്റെ പേരിലോ സര്‍ക്കാരിനെയോ അതിനു നേതൃത്വം നല്‍കുന്നവരെയോ വിമര്‍ശിച്ചതിന്റെ പേരിലോ ഒരു മാധ്യമ സ്ഥാപനവും ഒരു മാധ്യമപ്രവര്‍ത്തകനും ഒന്നും സംഭവിച്ചിട്ടില്ല. കേരളത്തില്‍ നിലനില്‍ക്കുന്ന മാധ്യമ സ്വാതന്ത്ര്യം എത്രത്തോളം ശക്തമാണ് എന്നു തെളിയിക്കുന്നതാണിത്. സാമൂഹിക പ്രതിബദ്ധത കൈമുതലാക്കി തന്റെ മാധ്യമത്തില്‍ തലക്കെട്ടുകൊണ്ടും വാര്‍ത്താ വിന്യാസംകൊണ്ടും വായനാ സമൂഹത്തിന്റെ ബോധമണ്ഡലത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയ രാജഗോപാലിന് ഭാവുകങ്ങള്‍ നേരുന്നു.


തിരഞ്ഞെടുപ്പ് കാലം വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്കിന്റെ കാലം കൂടിയാണല്ലോ. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ സ്വയംവിമര്‍ശനവും ആത്മപരിശോധനയും നടത്തുന്നത് നന്നാവും എന്നാണ് കരുതുന്നത്.

45 വര്‍ഷം പിന്നിടുന്ന കേരള മീഡിയ അക്കാദമിയെ ദേശീയ തലത്തിലെ മികച്ച മാധ്യമപഠന ഗവേഷണ സ്ഥാപനമായി വളര്‍ത്തുന്നതിന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും എന്നറിയിക്കട്ടെ. മെട്രോ റെയിലിന്റെ മൂന്നാം ഘട്ടം വികസനത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം പൊളിക്കപ്പെടുന്ന സാഹചര്യത്തില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉണ്ടാവും എന്നും അദ്ദേഹം പറഞ്ഞു.


മീഡിയ അക്കാദമി വേൾഡ് പ്രസ് ഫോട്ടോഗ്രഫി അവാർഡ് ജേതാവ് സന ഇർഷാദ് മട്ടു, ഇന്ത്യൻ മീഡിയ പേഴ്സൺ ഇയർ ഓഫ് ദ അവാർഡ് ജേതാവ് ആർ. രാജഗോപാൽ എന്നിവർക്ക് മുഖ്യമന്ത്രി പുരസ്കാരം നൽകി. മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് ജൂറി റിപ്പോർട്ട് അവതരിപ്പിച്ചു.


കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ്, മുതിർന്ന മാധ്യമപ്രവർത്തകനും മുൻ എംപിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ, പത്ര പ്രവർത്തക യൂണിയൻ സെക്രട്ടറി കിരൺ ബാബു, മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗം സ്മിത ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration