ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ്
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ഇടവമാസം ഒന്നാം തീയതിയായ നാളെ (മെയ് 15)ന് രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക.
ഇടവമാസം ഒന്നു മുതൽ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ഇടവമാസ പൂജകൾ പൂർത്തിയാക്കി മെയ് 19ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് മെയ് 25ന് നടതുറക്കും. മെയ് 26നാണ് പ്രതിഷ്ഠാദിനം. ഇടവമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.

