എം എ യൂസഫലി യുഎഇയിലെ സമ്പന്നനായ മലയാളി; ഫോബ്സ് മിഡില്‍ഈസ്റ്റ് പട്ടികയില്‍ 5 മലയാളികള്‍
യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക ഫോബ്സ് മിഡില്‍ ഈസ്റ്റ് പ്രസിദ്ധീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സ് സ്ഥാപകന്‍ ചാങ്‌പെങ് ഷാവോയാണ് പട്ടികയില്‍ മുന്നില്‍. 11,000 കോടി ഡോളറാണ് (10.47 ലക്ഷം കോടി രൂപ) ആസ്തി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളി. 580 കോടി ഡോളറാണ് (55,200 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. ആറാം സ്ഥാനത്താണ് അദ്ദേഹം.
ആര്‍പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള (420 കോടി ഡോളര്‍ - 40,000 കോടി രൂപ), ജെംസ് എജ്യുക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (400 കോടി ഡോളര്‍ - 38,000 കോടി രൂപ), ശോഭ ഗ്രൂപ്പ് സ്ഥാപകന്‍ പിഎന്‍സി മേനോന്‍ (390 കോടി ഡോളര്‍ - 37,140 കോടി രൂപ), ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍ (180 കോടി ഡോളര്‍- 17,144 കോടി രൂപ) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.

