ബെംഗളുരുവിൽ പ്രധാനമന്ത്രി സഞ്ചരിച്ച പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ
ആർട്ട് ഒഫ് ലിവിങ് ഫൗണ്ടേഷന്റെ 45ാമത് വാർഷികാഘോഷത്തോട് അനുബന്ധിച്ച് ബെംഗളുരുവിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കനകപുര റോഡിലെ ശ്രീ ശ്രീ രവി ശങ്കർ ആശ്രമത്തിലായിരുന്നു ചടങ്ങ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഒരു ബോക്‌സിനുള്ളിൽ ജലാറ്റിൻ സ്റ്റിക്കിന് പുറമേ സർക്ക്യൂട്ടിന് സമാനമായ സജ്ജീകരണവും ബാറ്ററികളും വയറുകളും ഉണ്ടായിരുന്നെന്നാണ് വിവരം.
ഐഇഡി നിർമിക്കാനായി നടത്തിയ ശ്രമമാണോ നടന്നതെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. പൊലീസ് കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ പ്രവർത്തനരഹിതമായിരുന്നു. പ്രദേശത്ത് ആശങ്ക ഉയർത്തുക എന്ന ലക്ഷ്യമാണോ പ്രധാനമന്ത്രിയുടെ സന്ദർശനം മുടക്കാനുള്ള ശ്രമമാണോ നടന്നതെന്ന കാര്യമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. വൻ സ്‌ഫോടനമല്ല ലക്ഷ്യിട്ടതെന്ന നിഗമനത്തിലാണ് ഏ ഏജൻസികൾ.

