കൊച്ചിയിൽ നിന്ന് രണ്ട് മണിക്കൂറിൽ ലക്ഷദ്വീപിലെത്താം; സീ പ്ലെയിനിൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം
കൊച്ചിയിൽ നിന്ന് ഇനി രണ്ട് മണിക്കൂർ കൊണ്ട് ലക്ഷദ്വീപിലെത്താം. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീ പ്ലെയിനിൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമെന്ന് സിയാൽ അറിയിച്ചു. ആദ്യത്തെ സീ പ്ലെയിൻ കൊച്ചി നെടുമ്പാശേരി എയർ പോർട്ടിൽ നിന്ന് പറന്നുയർന്നു. രണ്ട് മണിക്കൂറിനുള്ളിൽ അഗത്തി ദ്വീപിന് സമീപം കടലിൽ വിജയകരമായി ലാൻ്റ് ചെയ്‌തു. തുടർന്ന് ഇവിടെ നിന്നും കൽപ്പേനി-കവരത്തി റൂട്ടിലും സീ പ്ലെയിൻ പരീക്ഷണ പറക്കൽ നടത്തും.
ആദ്യ ഘട്ടത്തിൽ രാവിലെ 09.30 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം 11.30 ന് അഗത്തിയിൽ ലാൻഡ് ചെയ്‌തു. അവിടെനിന്നും രണ്ടാം ഘട്ടമായ അഗത്തിയിലെ വാട്ടർ എയറോഡ്രോമിൽ (വെള്ളത്തിൽ ഇറങ്ങുന്ന സംവിധാനം) ഉച്ചയ്ക്ക് 11.35 മുതൽ 01.30 വരെ പ്രത്യേക പരിശീലന പറക്കലുകൾ നടത്തി. മൂന്നാം ഘട്ടത്തിൽ വൈകുന്നേരം 3 ന് അഗത്തിയിൽ നിന്ന് തിരിച്ച് പുറപ്പെട്ട വിമാനം 04.45 ഓടെ കൊച്ചിയിൽ സുരക്ഷിതമായി തിരിച്ചെത്തി.
ലക്ഷദ്വീപിലെ വിവിധ ദ്വീപുകളെ കൊച്ചിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പദ്ധതി, പ്രദേശത്തെ പ്രാദേശിക വിമാന സർവീസുകളുടെ സാധ്യതകൾ വിലയിരുത്തുന്നതിനും സ്ഥിരമായ സീ പ്ലെയിൻ സർവീസുകൾ ആരംഭിക്കുന്നതിനുമുള്ള മുന്നോടിയായാണ് സംഘടിപ്പിച്ചത്. സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള 20 സീറ്റുകളുള്ള 'ട്വിൻ ഓട്ടർ' സീ പ്ലെയിൻ വിമാനമാണ് ഈ ദൗത്യത്തിനായി ഉപയോഗിക്കുന്നത്.
വെള്ളത്തിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും ശേഷിയുള്ളതാണ് ഈ വിമാനം. മൂന്ന് ദിവസങ്ങളിലായി ആകെ 12 പരീക്ഷണ പറക്കലുകളാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. പ്രധാനമായും രണ്ട് സെക്‌ടറുകളിലായാണ് ഈ ട്രയലുകൾ നടക്കുക. കൊച്ചി-അഗത്തി-കൽപ്പേനി-കവരത്തി എന്ന റൂട്ടിലും കൊച്ചി-കടമത്ത്-കിൽത്താൻ-അഗത്തി എന്ന റൂട്ടിലുമാണ് പരീക്ഷണ പറക്കൽ നിശ്ചയിച്ചിട്ടുള്ളത്.

