ജ്യോത്സ്യന് സർക്കാർ പദവി; കടുത്ത എതിർപ്പിനൊടുവിൽ നിയമനം റദ്ദാക്കി
മുഖ്യമന്ത്രി വിജയ്‌യുടെ പൊളിറ്റിക്കൽ വിങ്ങിൻ്റെ ഉപദേശകനായി സ്പെഷ്യൽ ഓഫിസർ പദവി നൽകി സ്വന്തം ജ്യോത്സ്യനെ നിയമിച്ച തമിഴ്നാട് സർക്കാരിൻ്റെ നടപടി വ്യാപക പ്രതിഷേധത്തെത്തുടർന്ന് റദ്ദാക്കി. തമിഴക വെട്രി കഴകം (ടിവികെ) വക്താവും വിജയ്‌യുടെ ഔദ്യോഗിക ജ്യോത്സ്യനുമായ റിക്കി രത്തൻ പണ്ഡിറ്റ് വെട്രിവേലിൻ്റെ നിയമനമാണ് വിവാദമായതിനെത്തുടർന്ന് സർക്കാർ ഒടുവിൽ പിൻവലിച്ചത്.
മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിന് പിന്നാലെയായിരുന്നു റിക്കി രത്തനെ സ്പെഷ്യൽ ഓഫിസറായി നിയമിച്ച് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കിയത്. സംസ്ഥാനത്ത് പുതിയതായി ടിവികെ സർക്കാർ രൂപീകരിക്കുന്നതിൽ നിർണായക പിന്തുണ നൽകിയ സഖ്യകക്ഷികളിൽ നിന്നടക്കം വലിയ എതിർപ്പാണ് ഈ നിയമനത്തിനെതിരെ ഉയർന്നത്. കോൺഗ്രസ്, സിപിഎം, സിപിഐ, വിടുതലൈ ചിരുതൈഗൽ കക്ഷി (വിസികെ) തുടങ്ങിയ പ്രധാന പാർട്ടികൾ പരസ്യമായി തന്നെ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി.
ഒരു ജ്യോത്സ്യന് ഉന്നത സർക്കാർ പദവി നൽകുന്നത് തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും തികച്ചും വിരുദ്ധമാണെന്ന് സഖ്യകക്ഷികൾ ചൂണ്ടിക്കാട്ടി. ഭരണമുന്നണിയിൽ തന്നെ വലിയ വിള്ളലുണ്ടാകാൻ ഇത് കാരണമാകുമെന്ന സൂചനകൾ ശക്തമായതിന് പിന്നാലെയാണ് നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രധാന സർക്കാർ പ്രഖ്യാപനം വന്നിരിക്കുന്നത്.

