കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസ്: മുഖ്യപ്രതിയുമായി പൊലീസുകാര്‍ക്ക് സാമ്പത്തിക ഇടപാട്
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മുഖ്യപ്രതി ബിന്ദുവുമായി പൊലീസുകാര്‍ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍. ഇടപാടിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. വിജിലന്‍സിലെയും സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെയും പൊലീസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് അന്വേഷണം. ഒരു എക്‌സൈസ് ഉദ്യോഗസ്ഥനും റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കും.
പൊലീസുകാര്‍ക്കെതിരെ നേരത്തെ തന്നെ ഡിസിപിക്ക് പരാതി ലഭിച്ചിരുന്നു. രണ്ടുമാസം മുന്‍പ് തന്നെ സെക്‌സ് റാക്കറ്റുമായി ബന്ധമുളള പൊലീസുകാരെ കുടുക്കുന്നതിനുളള നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 6 സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേര്‍ പിടിയിലായിരുന്നു. മുഖ്യപ്രതിയായ ബിന്ദുവിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. പൊലീസുകാരും ബിന്ദുവും സാമ്പത്തിക ഇടപാടു നടത്തിയതിന്റെയും ഫോണ്‍ കോളുകളുടെയും വിവരങ്ങള്‍ ലഭിച്ചു. ഈ പൊലീസുകാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നാണ് വിവരം.

