ആന്ധ്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം
ആന്ധ്രാപ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് യാത്രക്കാർ മരിച്ചു. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. ചിന്തുരു-മരേടുമില്ലി ഘട്ട് റോഡിൽ വെള്ളിയാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തൽ. ഭദ്രാചലം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് അന്നവാരത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
മുപ്പതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ടവരെല്ലാം ചിറ്റൂർ ജില്ലയിൽനിന്നുള്ളവരാണ്. രാജുഗരിമെട്ട വളവിന് സമീപമാണ് അപകടമുണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞതായി സംശയിക്കുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

