KPCC വീട് വച്ച് നൽകിയ മറിയക്കുട്ടി ബിജെപിയിൽ
ക്ഷേമപെൻഷൻ മുടങ്ങിയതിൽ അടിമാലിയിൽ ഭിക്ഷ യാചിച്ച് സമരം ചെയ്ത മറിയക്കുട്ടി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. തൊടുപുഴയിൽ നടന്ന വികസിത കേരളം കൺവെൻഷൻ പരിപാടിയിലാണ് മറിയക്കുട്ടി ബിജെപി മെമ്പർഷിപ്പ് സ്വീകരിച്ചത്. നേരത്തെ വിവാദങ്ങൾ ഉണ്ടായതിന് പിന്നാലെ മറിയകുട്ടിക്ക് കെപിസിസി വീട് നിർമ്മിച്ച് നൽകിയിരുന്നു.
കോൺഗ്രസ് പ്രവർത്തകർ ആപത് ഘട്ടത്തിൽ തിരിഞ്ഞുനോക്കാത്തത് കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് മറിയക്കുട്ടി. കെപിസിസി വീട് വച്ചു തന്നത് വെറുതെയല്ല. താൻ അധ്വാനിച്ചിട്ടാണെന്ന് മറിയക്കുട്ടി. തന്നെ ആളാക്കിയത് കോൺഗ്രസുകാരല്ല ബിജെപിയും സുരേഷ് ഗോപിയും ആണെന്നും മറിയക്കുട്ടി പറഞ്ഞു.
പെൻഷൻ മുടങ്ങിയതിനെതിരെ മൺചട്ടിയും പ്ലക്കാർഡുകളുമായി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ക്ഷേമ പെൻഷൻ മുടങ്ങിയതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ നിയമപോരാട്ടവുമായി ഹൈക്കോടതിയെയും മറിയക്കുട്ടി സമീപിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീട്ടില്‍ വരാത്തത് വിഷമമായെന്ന് മറിയക്കുട്ടി പറഞ്ഞു. എന്ത് കോണ്‍ഗ്രസ് നേതാവാണ് വിഡി സതീശനെന്ന് മറിയക്കുട്ടി ചോദിച്ചു. ബിജെപിയുമായിട്ട് പൂര്‍ണമായി സഹകരിച്ചുകൊണ്ട് പോകുമെന്ന് മറിയക്കുട്ടി വ്യക്തമാക്കി.

