
ഓപ്പറേഷൻ സിന്ദൂർ വെറും പേരല്ല, നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞ; രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല: പ്രധാനമന്ത്രി
ഓപ്പറേഷൻ സിന്ദൂർ വെറും പേരല്ല, നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയകാലത്തെ യുദ്ധമുറയിൽ ഇന്ത്യൻ ആധിപത്യം തെളിഞ്ഞു. സേനകൾക്ക് സല്യൂട്ട്. രാജ്യത്തിന്റെ ശക്തിയെന്തെന്ന് സൈന്യം തെളിയിച്ചു. പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരെയുള്ള സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂർ. അത് ഇവിടെ അവസാനിക്കുന്നില്ല. താത്കാലികമായി മാത്രമാണ് നിർത്തിയിരിക്കുന്നത്. സൈന്യത്തിന്റെ ധീരത സമർപ്പിക്കുന്നത് അമ്മമാർക്കും സഹോദരിമാർക്കും പെൺ മക്കൾക്കുമാണ്.
ലോകത്തോട് പറയാനുള്ളത്, പാകിസ്താനുമായി ചർച്ചയെങ്കിൽ ഭീകരതയെക്കുറിച്ച് മാത്രം, ചർച്ചയെങ്കിൽ പാകിസ്താൻ അധിനിവേശ കശ്മീരിനെക്കുറിച്ച് മാത്രം. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. സൈനികർക്ക് പൂർണ സ്വാതന്ത്ര്യം നൽകി. ഞങ്ങളുടെ പെൺമക്കളുടെയും സഹോദരിമാരുടെയും സിന്ദൂരും മായ്ച്ചതിന്റെ ഫലം ഇന്ന് എല്ലാ ഭീകരവാദികളും മനസിലാക്കിയിട്ടുണ്ട്. ഭീകരവാദികൾ സ്വപ്നത്തിൽ പോലും ഇത്തരം തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. രാജ്യം ആദ്യമെന്ന് വരുമ്പോൾ ഇന്ത്യ ഇത്തരം നടപടികൾ കൈകൊള്ളും. പാകിസ്താൻ മണ്ണിലാണ് തിരിച്ചടി നൽകിയത്.
ഇന്ത്യയുടെ തിരിച്ചടിയിൽ ഭയന്ന പാകിസ്താൻ ലോകത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു. സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമം നടത്തി. നിരാശയിൽ അവർ ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളിലും സ്കൂളുകളിലും ആരാധനാലയങ്ങളിലും ആക്രമണം നടത്തി ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. പാകിസ്താൻ വ്യോമ താവളങ്ങൾ തകർത്തു. ഭീകരവാദികളെയും അവരെ പിന്തുണയ്‌ക്കുന്ന സർക്കാരിനെയും രണ്ടായി കാണില്ല. ഇനി എന്ത് ആക്രമണ ശ്രമമുണ്ടായാലും തിരിച്ചടി അതിശക്തമായിരിക്കും. ബിഎസ്എഫ് ഉൾപ്പടെയുള്ള സേനകൾ അതീവ ജാഗ്രതയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.