
അതിർത്തിയിലെ 26 സ്ഥലങ്ങളിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം
തുടർച്ചയായ മൂന്നാം രാത്രിയിലും ഇന്ത്യക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി പാകിസ്ഥാൻ പ്രകോപനം. വെള്ളിയാഴ്ച രാത്രി മാത്രം ബാരാമുള്ള (വടക്കൻ കാശ്മീർ) മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 ലധികം സ്ഥലങ്ങളിൽ പാകിസ്ഥാന്റെ ഡ്രോണുകൾ കണ്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പ്രതിരോധ സേനയുടെ പ്രസ്താവന പ്രകാരം, ബാരാമുള്ള, ശ്രീനഗർ, അവന്തിപോര, നാഗ്രോട്ട, ജമ്മു, ഫിറോസ്പൂർ, പത്താൻകോട്ട്, ഫസിൽക, ലാൽഗഡ് ജട്ടൻ, ജൈസൽമർ, ബാർമർ, ഭുജ്, കുവാർബേട്ട്, ലക്ഷിനാല തുടങ്ങിയ മേഖലകളിലാണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ആക്രമണ ശ്രമം ഇന്ത്യൻ സേന തകർത്തു.
തകർത്ത ഡ്രോണുകളിൽ ചിലത് ആയുധങ്ങൾ വഹിച്ചുള്ളതായിരുന്നുവെന്നും ജനവാസ മേഖലകൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ വലിയ ഭീഷണിയാണ് പാകിസ്ഥാൻ ഉയർത്തുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെ ഫിറോസ്പൂരിൽ ആയുധം വഹിച്ച ഡ്രോൺ പതിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റതായി സൈനിക വക്താവ് അറിയിച്ചു. ഒരു സ്ത്രീയുടെ നില ഗുരുതരമെന്നും വിവരമുണ്ട്.
ഇന്ത്യൻ സായുധ സേനകൾ ഉയർന്ന ജാഗ്രത പുലർത്തുന്നുണ്ടെന്നും എല്ലാ ഡ്രോൺ ഭീഷണികളെയും നിയന്ത്രിക്കാൻ കൗണ്ടർ-ഡ്രോൺ സിസ്റ്റങ്ങൾ ഉപയോഗിച്ചാണ് പ്രതിരോധമെന്നും വക്താവ് അറിയിച്ചു. അതിർത്തി മേഖലകളിലുള്ള പൗരന്മാർ വീടുകളിൽ തന്നെ തുടരാനും അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന ജാഗ്രതയും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായ പാലിക്കേണ്ടതും അനിവാര്യമാണെന്ന് സൈനിക വക്താവ് വ്യക്തമാക്കി.