രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന നളിനിയെ മോചിപ്പിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്.
നളിനി ഉള്‍പ്പടെ ആറുപേരെ മോചിപ്പിക്കാനാണ് ബി ആര് ഗവായ് അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. ഇതോടെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ എല്ലാവരും ജയില്‍ മോചിതരാവും. മുപ്പത്തൊന്നുവര്ഷമായി ജയിലില്‍ കഴിയുകയാണ് നളിനി. പലതവണ ഇവര്‍ക്ക് പരോള്‍ ലഭിച്ചിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ പേരറിവാളന് മുപ്പതുകൊല്ലത്തെ ശിക്ഷയ്ക്കുശേഷം ഈ വര്‍ഷം മേയ് 18നാണ് ജയില്‍ മോചിതനായത്. പേരറിവാളന്റെ മോചനത്തിന് തൊട്ടുപിന്നാലെ നളിനിയും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹര്‍ജി നല്‍യെങ്കിലും അത് തള്ളി. ആര്‍ട്ടിക്കിള്‍ 142ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്പെഷ്യല്‍ ടാഡ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം പ്രതികള്‍ക്ക് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 -ന് മേല്‍ക്കോടതി വധശിക്ഷ ശരിച്ചു. എന്നാല്‍ 2014 ല്‍ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി.