ഭക്ഷ്യ കിറ്റ് വിതരണം; മന്ത്രി കെ.ടി. ജലീലിനെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്
തിരുവനന്തപുരം: ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. കേസിലെ ആരോപണങ്ങള്‍ കേട്ടുകേള്‍വി മാത്രമാണെന്ന് വിജിലന്‍സിനു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.
യുഎഇ കോണ്‍സുലേറ്റ് വഴി വിതരണം ചെയ്ത ഭക്ഷ്യകിറ്റ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ ജലില്‍ വിതരണം ചെയ്തതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ പൊതുപ്രവര്ത്തകന് തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പരാതിക്കാരന് ഹര്‍ജി നല്‍കിയത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്നും ആരോപണങ്ങളൊന്നും തന്നെ അഴിമതി നിരോധന വകുപ്പിന്റെ കീഴില്‍ വരുന്നതല്ലെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. കേസില്‍ അടുത്ത 30ന് വാദം കേള്‍ക്കും.