അമേരിക്കന്‍ കപ്പലുകളെ അക്രമിച്ചാല്‍ ഇറാന്റെ എല്ലാ ബോട്ടുകളും തകര്‍ത്തുകളയും, മുന്നറിയിപ്പു നല്കി ട്രംപ്
വാഷിംഗ്ടണ്‍: ഇറാന്റെ ഭാഗത്തുനിന്ന് അമേരിക്കന്‍ കപ്പലുകള്‍ക്കുനേരെ അക്രമണമുണ്ടായാല്‍ ഇറാന്റെ എല്ലാ ഗണ്‍ബോട്ടുകളും തകര്‍ക്കാന്‍ നിര്‍ദേശം നല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഞങ്ങളുടെ കപ്പലുകളെ ഉപദ്രവിച്ചാല്‍ എല്ലാ ഇറാനിയന്‍ ഗണ്‍ബോട്ടുകളും വെടിവച്ചിടുകയും തകര്‍ക്കുകയും ചെയ്യാന്‍ നാവികസേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് ട്രംപിന്റെ ട്വീറ്റ്. ഒരാഴ്ചമുമ്പ് ഇറാന് നാവികസേനയുടെ 11 കപ്പലുകള്‍ ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ നാവികസേനയുടേയും കോസ്റ്റ്ഗാര്‍ഡിന്റെയും കപ്പലുകള്‍ക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
അപകടകരവും പ്രകോപനപരവുമാണെന്നാണ് ഇതിനെക്കുറിച്ച് അമേരിക്കന്‍ സൈന്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി ട്വീറ്റ് വന്നിരിക്കുന്നത്. ട്വീറ്റ് പുറത്തുവന്ന് അല്പം കഴിഞ്ഞപ്പോള്‍ വൈറ്റ്ഹൗസില്‍ ട്രംപ് ഇക്കാര്യം പ്രസ്താവിക്കുകയും ചെയ്തു. അതേസമയം മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിന് പകരം കൊറോണവൈറസില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ രക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് ഇറാന് സൈനിക വക്താണ് ട്രംപിന്റെ ട്വീറ്റിനോട് പ്രതികരിച്ചത്.