മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി അതിഥി തൊഴിലാളികളും
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ അംവാജ് ഹോട്ടലിലെ അഥിതി തൊഴിലാളികള്‍ കേരളത്തിന് സഹായവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഹോട്ടലില്‍ ജോലി ചെയ്യുന്ന മൂന്ന് അതിഥി തൊഴിലാളികള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ സംഭാവ ചെയ്തു. രഞ്ജിത്തും ഗോപാലും കുമാറും ചേര്‍ന്നാണ് സംഭാവന നല്കി. നേപ്പാള്‍ സ്വദേശികളാണ് മൂവരും.
13 പേരാണ് ഹോട്ടലില്‍ ജോലി ചെയ്തിരുന്നത്. രാജ്യത്ത് കൊറോണ പടരുന്ന വാര്‍ത്തകള്‍ കണ്ടതോടെ ഇതില്‍ 10 പേരും നാട്ടിലേക്ക് വണ്ടികയറി. എന്നാൽ ദീര്‍ഘദൂര ട്രെയിന്‍ യാത്രയില്‍ കൊറോണ വൈറസ് പകരാനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെ രഞ്ജിത്തും ഗോപാലും കുമാറും കോഴിക്കോട് തന്നെ നില്ക്കാന് തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ സമൂഹ്യമാധ്യമങ്ങളിലൂടെയാണ് കേരള മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഇവരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ തന്നെ ശമ്പളത്തില്‍ നിന്ന് 10000 രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു. സര്‍ക്കാരിനുവേണ്ടി കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് തുക ഏറ്റുവാങ്ങി.