യുവാവ് ഭാര്യയെ കൊന്ന് സ്യൂട്ട് കേസിലാക്കി കത്തിച്ചു; കോവിഡ് ബാധിച്ച് മരിച്ചെന്ന് ബന്ധുക്കളോട് പറഞ്ഞു
തിരുപ്പതി: ആന്ധ്ര പ്രദേശിലെ തിരുപ്പതിയില്‍ ദിവസങ്ങള്‍ക്കു മുന്‍പു സ്യൂട്ട് കേസില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഭുവനേശ്വരിയുടേതാണെന്നു (27) പൊലീസ് സ്ഥിരീകരിച്ചു. ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡിയാണ് ഇവരെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.
തിരുപ്പതിയിലെ അലിപിരി പോലീസ്, ശ്രീ വെങ്കട രമണ റുയ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിക്ക് സമീപം കുറ്റിക്കാട്ടില്‍നിന്ന് ജൂണ്‍ 23 ന് സ്യൂട്ട്കേസില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
കോവിഡിനേ തുടര്‍ന്ന് ഭുവനേശ്വരിയും ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡിയും 18 മാസം പ്രായമുള്ള മകളും കഴിഞ്ഞ മൂന്ന് മാസമായി തിരുപ്പതിയിലാണ് താമസിച്ചിരുന്നത്. ഭുവനേശ്വരി കോവിഡ് ബാധിച്ചു മരിച്ചെന്നാണു ശ്രീകാന്ത് ബന്ധുക്കളോടു പറഞ്ഞിരുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്നു കഴിഞ്ഞ കുറച്ചു നാളായി ഭുവനേശ്വരി വര്‍ക് ഫ്രം ഹോമായിരുന്നു. എന്‍ജിനീയറിങ് ബിരുദധാരിയായ ശ്രീകാന്തിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പു ജോലി നഷ്ടമായി. മൃതദേഹം 90 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നും ദിവസങ്ങള്‍ക്കു മുന്‍പു ശ്രീകാന്ത് ഷോപ്പിങ് മാളില്‍നിന്നു വലിയ സ്യൂട്ട് കേസ് വാങ്ങിയതു ശരീരം ഒളിപ്പിക്കാനാണെന്നും പിന്നീട് ഇയാള്‍ ശരീരം കത്തിച്ചെന്നും തിരുപ്പതി അര്‍ബന്‍ പൊലീസ് മേധാവി രമേശ് റെഡ്ഡി പറഞ്ഞു.