Tuesday, September 17, 2024
 
 

പ്രഖ്യാപിച്ചത് വന്‍ ഇളവുകള്‍, കടകള്‍ രാത്രി ഒന്‍പതുവരെ തുറക്കാം , കല്യാണത്തിനും മരണത്തിനും ഇരുപതുപേര്‍ മാത്രം

04 August 2021 12:36 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇതുസംബന്ധിച്ച് നിയമസഭയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇനിമുതല്‍ ഞായറാഴ്ച മാത്രമാകും ലാേക്ക്ഡൗണ്‍ ഉണ്ടാവുക. രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലൊഴികെ മറ്റിടങ്ങളില്‍ എല്ലാ കടകളും തുറക്കാന്‍ അനനുമതിയുണ്ട്. ഇവിടങ്ങളില്‍ തിങ്കള്‍ മുതല്‍ ശനിവരെ കടകള്‍ രാവിലെ ഏഴുമണിമുതല്‍ ഒണ്‍പതുമണിവരെ തുറക്കാം. കല്യാണങ്ങളും മരണാനന്തര ചടങ്ങളുകളില്‍ പരമാവധി ഇരുപതുപേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.



1000 പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ച് ഇനി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 1000 പേരില്‍ 10 പേരില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഒരാഴ്ച രോഗബാധ ഉണ്ടായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ആള്‍ക്കൂട്ട നിരോധനം തുടരും. വിസ്തീര്‍ണമുള്ള വലിയ ആരാധനാലയങ്ങളില്‍ പരമാവധി നാല്‍പ്പതുപേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. ഓണം കഴിഞ്ഞുവരുന്ന ഞായറാഴ്ച ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ല.ചട്ടം 300 അടിസ്ഥാനമാക്കിയുള്ള പ്രത്യക പ്രസ്താവനയാണ് മന്ത്രി നടത്തിയത്.

 

ജില്ലാ തലങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ പരിശോധിച്ചാണ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ ആണെന്ന് ഉറപ്പുവരുത്തുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ ഒരു വിദഗ്ധ സമിതിയും നിലവിലുണ്ട്. ഇത്തരം വിദഗ്ധാഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ഇളവുകള്‍ നല്‍കുന്നതും.

സര്‍ക്കാരിനു മുന്നില്‍ ഉയര്‍ന്നുവന്ന ഒരു പൊതുവായ നിര്‍ദ്ദേശം ടി.പി.ആറിനൊപ്പം മറ്റൊരു ശാസ്ത്രീയമായ മാനദണ്ഡം കൂടി അവലംബിക്കണമെന്നതാണ്. അതിന്റെ ഭാഗമായി ജനസംഖ്യയില്‍ 1000 പേരില്‍ എത്രയാള്‍ക്ക് പുതിയതായി രോഗം നിര്‍ണ്ണയിക്കപ്പെടുന്നുവെന്ന് പരിഗണിക്കപ്പെടണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. രോഗ വ്യാപനം തടയുന്നതിന് ആള്‍ക്കൂട്ടം നിയന്ത്രിക്കുകയെന്നത് എറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായം ഉണ്ടായിട്ടുമില്ല. അതിനാല്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ കൂട്ടായ്മകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കൂടുന്ന സംവിധാനങ്ങള്‍ ഒഴിവാക്കുന്ന രീതി പൊതുവില്‍ തുടരേണ്ടതായിട്ടുണ്ട്. ആരാധനാലയങ്ങളില്‍ അവയുടെ വിസ്തീര്‍ണ്ണം കണക്കാക്കിയാവണം ആളുകള്‍ പങ്കെടുക്കേണ്ടത്. വലിയ വിസ്തീര്‍ണ്ണമുള്ളവയില്‍ പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാവുന്നതുമാണ്.

ഇന്നത്തെ പൊതു സാഹചര്യവും വാക്‌സിനേഷന്റെ പുരോഗതിയും കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഒരു പ്രദേശത്തെ ജനസംഖ്യയുടെ 1000 പേരില്‍ പത്തില്‍ കൂടുതല്‍ രോഗികള്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും, മറ്റുള്ളയിടങ്ങളില്‍ ആഴ്ചയില്‍ 6 ദിവസം പ്രവര്‍ത്തിക്കാനുള്ള അനുമതിയും ഉണ്ടാവും. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഞായറാഴ്ചയും പ്രവര്‍ത്തിക്കുന്നതാണ്. ഓണത്തിന്റെ തിരക്ക് കൂടി കണക്കിലെടുത്ത് 22-ാം തീയ്യതി ഞായറാഴ്ചയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഉത്സവകാലമായതുകൊണ്ട് തന്നെ സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികള്‍ വ്യാപാരസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സൗകര്യം കഴിയാവുന്നത്ര ഇടങ്ങളില്‍ വിപുലീകരിക്കണം. പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുകയും ആവശ്യമായ പരിശോധന നടത്തുകയും ചെയ്യുന്നതാണ്. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 9 മണി വരെ അനുവദിക്കാവുന്നതാണ്. സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആയിരിക്കണം പ്രവേശനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും വ്യാപാരികളുമായി ചേര്‍ന്ന് യോഗങ്ങള്‍ നടത്തും.

കടകള്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യഡോസ് വാക്‌സിനേഷനേഷന്‍ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യം. ഇതോടൊപ്പം അത്യാവശ്യ സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നതിനുള്ള അനുമതിയും നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. സാമൂഹ്യപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യത അനുസരിച്ച് ഒരു നിശ്ചിത തീയതിക്കുള്ളില്‍ വാക്‌സിനേഷന്‍ നല്‍കും. കിടപ്പ് രോഗികള്‍ക്ക് എല്ലാവര്‍ക്കും സമയബന്ധിതമായി വീടുകളില്‍ ചെന്ന് വാക്‌സിനേഷന്‍ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. ആരോഗ്യവകുപ്പിന്റെ കൃത്യമായ മേല്‍നോട്ടത്തില്‍ ഇത് നടപ്പാക്കുകയും ചെയ്യും. സ്വകാര്യ ആശുപത്രികളുടെ വാക്‌സിനേഷന്‍ നടത്തുന്നതിന് സ്ഥലസൗകര്യങ്ങള്‍ ഉള്‍പ്പെടെ നല്‍കി പ്രോത്സാഹിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

കോവിഡ് രണ്ടാം തരംഗം ഉയര്‍ത്തുന്ന വെല്ലുവിളിയും പൊതുസമൂഹത്തിന്റെ സഹകരണത്തോടെ തന്നെ നേരിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മൂന്നാം തരംഗത്തിന്റെ ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിനു മുമ്പ് തന്നെ വാക്‌സിനേഷന്‍ കഴിയുന്നത്ര പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടിയാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. അതിന്റെ ഭാഗമായി  പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കി സാമൂഹ്യ പ്രതിരോധ ശേഷി കെട്ടിപ്പടുക്കുന്നതിലൂടെ കോവിഡ് മഹാമാരിയുടെ വ്യാപനം നമുക്ക് ഫലപ്രദമായി തടയാന്‍ കഴിയും.

 

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration