സമാധാന നൊബേല്‍ തനിക്കുതന്നെയെന്ന് ട്രംപ്
സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് താന്‍ യോഗ്യനെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സെര്‍ബിയ – കൊസവോ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് താനാണെന്ന് ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
“കൊസവോയും സെര്‍ബിയയും തമ്മിലുള്ള കൂട്ടക്കുരുതി നമ്മളാണ് അവസാനിപ്പിക്കുന്നത്. അവര്‍ വര്‍ഷങ്ങളായി പരസ്പരം കൊല്ലുകയാണ്. അവരത് അവസാനിപ്പിക്കാന്‍ പോവുകയാണ്. നമുക്ക് ഒത്തുചേരാമെന്ന് ഞാന്‍ അവരോട് പറഞ്ഞു”- എന്നാണ് ട്രംപ് അവകാശപ്പെട്ടത്.
കൊസോവോ ലിബറേഷന്‍ ആര്‍മിയും സെര്‍ബിയന്‍ സൈന്യവുമായുള്ള പോരാട്ടത്തില്‍ പതിനായിരങ്ങളാണ് മരിച്ചത്. സെര്‍ബിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വുചിക്കിനെയും കൊസോവോ പ്രധാനമന്ത്രി അവ്ദുള്ള ഹോതിയെയും പങ്കെടുപ്പിച്ച് ഈ മാസമാദ്യം വൈറ്റ്ഹൗസ് ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടാക്കാനായില്ല.പക്ഷേ അത്തരമൊരു യാഥാര്‍ഥ്യം നിലനില്‍ക്കുന്പോഴാണ് ട്രംപിനെ നൊബേല്‍ പുരസ്കാരത്തിന് ശിപാര്‍ശ ചെയ്തത്. ഇതിനെതിരെ ഒട്ടേറെ പരാതികളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.