ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; എട്ട് പേര് മരിച്ചു
ഗുജറാത്തിലെ സ്വകാര്യ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ എട്ട് രോഗികള്‍ മരിച്ചു. അഹമ്മദാബാദിലെ നവരംഗ്പുരയിലെ ശ്രേയ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന കൊവിഡ് രോഗികളായ അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. സംഭവസമയം ഏകദേശം 45 രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിലേക്ക് മാറ്റിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ച മൂന്നരയോടെ ആശുപത്രിയിലെ ഐസിയു വിഭാഗത്തിലാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ വിശദ അന്വേഷണത്തിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടു. ഇതിനായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ സംഗീത സിംഗ്, മുകേഷ് പുരി എന്നിവരെ നിയമിച്ചു. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.