ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്-യെല്ലോ മെസ്സേജ്
തെക്ക് കിഴക്കൻ അറബിക്കടലിൽ ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 09 കിമീ വേഗതയിൽ വടക്ക്-വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് 15 മെയ് 2021 ന് പുലർച്ചെ 05.30 ന് ലക്ഷദ്വീപിനടുത്ത് 12.5°N അക്ഷാംശത്തിലും 72.5°E രേഖാംശത്തിലും എത്തിയിരിക്കുന്നു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 160 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും ഗോവയിലെ പാനജിം തീരത്ത് നിന്ന് 350 കിമീ തെക്കു-തെക്കു പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറുകയും അതിനു ശേഷം അടുത്ത 12 മണിക്കൂറിനുള്ളിൽ അതിശക്ത ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറിൽ 118 കി.മീ മുതല്‍ 166 കി.മീ ആകുന്ന ഘട്ടമാണ് അതിശക്തമായ ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 പകലിന് കൂടി ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.