ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കാനുറച്ച് ആം ആദ്മി
ന്യൂഡല്‍ഹി: 2022 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി എല്ലാ സീറ്റിലും മത്സരിക്കും. ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗുജറാത്ത് അനാഥയായിയെന്ന് കെജ് രിവാള്‍ പറഞ്ഞു. ഗുജറാത്തിലെ യുവാക്കള്‍ക്ക് എന്തുകൊണ്ട് തൊഴിലില്ല? സ്കൂളുകളിലും കോളജുകളിലും പ്രവേശനം ലഭിക്കാനായി അവര്‍ കക്ഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? കച്ചവടക്കാര്‍ക്കും കൃഷിക്കാര്‍ക്കും ഇവിടെ ആത്മഹത്യ ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ടാണ്? അഹമ്മദാവാദിലെ വല്ലഭ് സദനില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ കെജ് രിവാള്‍ ചോദിച്ചു.
പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയുടെ ഓഫീസ് കെജ്രിവാള് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഇസുധാന്‍ ഗധ്വി ആം ആദ്മിയില്‍ ചേര്‍ന്നത്. നേരത്തെ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ ആം ആദ്മി വിജയിച്ചിരുന്നു.