വയനാട്ടില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും
വയനാട് ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. വോട്ടിങ് മെഷീനുകള്‍, പോളിങ് സാമഗ്രികള്‍ ഡിസംബര്‍ 10ന് രാവിലെ എട്ട് മുതല്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഗ്രാമപഞ്ചായത്ത് ബൂത്തുകളിലേക്ക് മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണ് വിതരണം ചെയ്യുക. നഗരസഭകളിലെ ബൂത്തുകളില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണുണ്ടാവുക.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികള്‍ മാനന്തവാടി സെന്റ് പാട്രിക്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ പോളിങ് സാമഗ്രികള്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ പോളിങ് സാമഗ്രികള്‍ എസ്.കെ.എം.ജെ ഹൈസ്‌കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിലെ പോളിങ് സാമഗ്രികള്‍ പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിതരണം ചെയ്യും. കല്‍പ്പറ്റ നഗരസഭയിലെ വോട്ടിങ് സാമഗ്രികള്‍ കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിലും മാനന്തവാടി നഗരസഭയുടെ മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയുടേത് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലും വിതരണം നടത്തും. വോട്ടിങ് മെഷീനുകള്‍ക്ക് തകരാറുണ്ടായാല്‍ പകരം ഉപയോഗിക്കാന്‍ 25 ശതമാനം മെഷീനുകള്‍ കരുതലായി സൂക്ഷിച്ചിട്ടുണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു.

