തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിളംബരവുമായി ജലജാഥ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വിളംബരവുമായി ബേപ്പൂര്‍ പുലിമുട്ടില്‍ ജലജാഥ. സമ്മതിദാന അവകാശം ഫലപ്രദമായി വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത്യുവജന പങ്കാളിത്തത്തില്‍ സംഘടിപ്പിച്ച ജലജാഥയില്‍ ഹൗസ് ബോട്ടുകള്‍, ശിക്കാര്‍ ബോട്ടുകള്‍, വഞ്ചികള്‍ എന്നിവ അണിനിരന്നു. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് സെല്‍, ഇലക്ടറല്‍ ലിറ്ററസി ക്ലബ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തില്‍ ലീപ് കേരളയുടെ ഭാഗമായാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചത്.
മത്സ്യത്തൊഴിലാളികളെയും കുടുംബങ്ങളെയും യുവജനങ്ങളെയും കേന്ദ്രീകരിച്ചാണ് പ്രചാരണ പരിപാടികള്‍ ഒരുക്കിയത്. ജില്ലയിലെ 19 കോളേജുകളിൽ നിന്നുള്ള അഞ്ഞൂറോളം ഇ.എല്‍.സി, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പങ്കാളികളായ പരിപാടിയുടെ ഭാഗമായി ഫ്‌ളാഷ് മോബ്, റാലി തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം നിര്‍വഹിച്ചു. സമ്മതിദാന അവകാശത്തെക്കുറിച്ച് വ്യക്തമായ ബോധമുള്ളവരായി യുവജനങ്ങൾ മാറിയെന്നും അതിന്റെ ഫലം വോട്ടിങ് ശതമാനത്തിൽ കാണാൻ സാധിക്കുമെന്നും കലക്ടർ പറഞ്ഞു.അസി. കലക്ടര്‍ ഡോ. മോഹനപ്രിയ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോഓഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

